ബി.ജെ.പിയും ആർ.എസ്​.എസും ക്രൈസ്തവരുടെ ഇടയില്‍ നുഴഞ്ഞുകയറി മുസ്​ലിംകളെയും ക്രിസ്​ത്യാനികളെയും തമ്മിലടിപ്പിക്കുന്നു -അതിരൂപത മുഖപത്രം

കൊച്ചി: സോഷ്യൽമീഡിയയിലും മറ്റും ചില തീവ്ര ക്രിസ്​ത്യൻ ഗ്രൂപ്പുകൾ പടച്ചുവിടുന്ന മുസ്​ലിം വിരുദ്ധ പ്രചാരണങ്ങൾക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. മുസ്​ലിം വിരുദ്ധ വിദ്വേഷ പ്രചാരണത്തിനുപിന്നിൽ ബി.ജെ.പിയും ആർ.എസ്​.എസും അവരുമായി ബന്ധമുള്ള ക്രിസ്​ത്യാനികളുമാണെന്ന്​ ''കേരള ക്രൈസ്തവര്‍ക്ക് ഇത് എന്തു പറ്റി?'' എന്ന തലക്കെട്ടിൽ എഴുതിയ സത്യദീപം ലേഖനത്തിൽ ആരോപിക്കുന്നു.

''കേരളത്തിൽ മുസ്​ലിംകളും ക്രിസ്​ത്യാനികളുമെല്ലാം മറ്റു മതസ്ഥരുമായി സഹജീവിക്കുന്നതില്‍ സംതൃപ്തിയും സമാധാനവും കണ്ടെത്തുന്നവരാണ്​. അതുകൊണ്ടാണ്​ ഇവിടെ തീവ്രഹിന്ദുത്വത്തിന് വേരുപിടിക്കാതെ പോകുന്ന​ത്​. അതിനാലാണ് ബി.ജെ.പിയും ആർ.എസ്​.എസ്സും വളഞ്ഞ വഴിയിലൂടെ കേരളത്തിലെ ക്രൈസ്തവരുടെ ഇടയില്‍ നുഴഞ്ഞുകയറി അവരെയും മുസ്​ലിംകളെയും തമ്മിലടിപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നത്​.'' -ലേഖനത്തിൽ പറയുന്നു. ​

ലേഖനത്തിൽ നിന്ന്​:

''ചില ക്രൈസ്തവ ചാനലുകളില്‍ ഇന്നത്തെ ചര്‍ച്ചകളെല്ലാം മുസ്​ലിം വിരോധം ആളിക്കത്തിക്കുന്നു. ക്രൈസ്തവ ആത്മീയ നേതാക്കള്‍പോലും സമൂഹത്തില്‍ കുറ്റകൃത്യം ചെയ്യുന്നവരും അന്യമതസ്ഥരെ വിവാഹം കഴിക്കുന്നവരും മുസ്ലീമുകളാണെന്ന തരത്തില്‍ സംസാരിക്കുന്നു. ആർ.എസ്.എസ്സിനെ കൂട്ടുപിടിച്ച് ചില ക്രൈസ്തവ സോഷ്യല്‍ മീഡിയകൾ നിരന്തരം ഇസ്​ലാമോഫോബിയ പരത്തുന്നതിന്‍റെ പുറകില്‍ എന്താണെന്ന് അധികം ചിന്തിക്കാതെ തന്നെ നമുക്ക് ഉത്തരം കിട്ടും. മതേതരത്വത്തിന്‍റെ സമാധാനവും ശാന്തിയും കേരളത്തില്‍ നശിപ്പിച്ചാലേ ചിലര്‍ക്ക് അവരുടെ രാഷ്ട്രീയമായ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളുവത്രേ.

മാര്‍ക്ക് യോര്‍ഗന്‍മയറുടെ "ദൈവത്തിന്‍റെ കണ്ണിലെ ഭീകരത" എന്ന പുസ്തകത്തിലെ ഒരദ്ധ്യായം തന്നെ 'ക്രിസ്തുവിന്‍റെ പട്ടാളക്കാര്‍' എന്നാണ്. 1999-ല്‍ അമേരിക്കയിലെ കാലിഫോര്‍ണയില്‍ ക്രൈസ്തവ തീവ്രവാദികള്‍ ഒരു യഹൂദ സെന്‍ററില്‍ നടത്തിയ കൂട്ടക്കുരുതിയെയും 90കളില്‍ ഗര്‍ഭച്ഛിദ്ര കേന്ദ്രങ്ങളില്‍ നടത്തിയ ബോംബാക്രമണത്തെക്കുറിച്ചുമാണ്. വിശുദ്ധ നാടിനെ രക്ഷിക്കാന്‍ കുരിശുയുദ്ധം ചെയ്ത ക്രൈസ്തവര്‍ക്കുവേണ്ടി വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ നടത്തിയ ചരിത്രപരമായ മാപ്പുപറച്ചിലിന്‍റെ കഥ മറുവശത്ത്.

സാക്ഷരതയിലും സഹിഷ്ണുതയിലും ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും ഒരുപടി ഉയര്‍ന്നു നില്‍ക്കുന്ന കേരളത്തില്‍ എന്തിനാണ് ഈ അടുത്തനാളുകളില്‍ ആര്‍എസ്എസ്സുകരും ഏതാനും ക്രൈസ്തവ കാവിക്കാരും കൂടി മുസ്ലീമുകള്‍ക്കെതിരെ ക്രൈസ്തവരെ തിരിക്കുന്നത് എന്ന് അറിയണമെങ്കില്‍ അവരുടെ പുറകില്‍ നിരക്കുന്ന മത മേലദ്ധ്യക്ഷന്മാരെയും അവരുടെ അജണ്ടകളെയും നാം മനസ്സിലാക്കണം. ഇതിന് ഇവിടുത്തെ സാധരണക്കാരുടെ ജീവിതവുമായി പുലബന്ധം പോലും ഇല്ലാത്ത കാര്യങ്ങളാണ് അപ്പോള്‍ മനസ്സിലാകും.

മതവും ദേശീയതയും കൂടുമ്പോഴാണ് വിശുദ്ധ യുദ്ധങ്ങള്‍ ഉണ്ടാകുന്നത്. ഐഎസ് പോലുള്ള കടുത്ത ഇസ്​ലാം തീവ്രവാദികള്‍ ആഹ്വാനം ചെയ്യുന്ന വിശുദ്ധ യുദ്ധങ്ങള്‍ക്ക് മറുപടി അതേ രീതിയിലുള്ള വിശുദ്ധ യുദ്ധങ്ങളാണെന്ന് ഈ ലോകത്തിലെ ക്രൈസ്തവരും ഹൈന്ദവരും ചിന്തിച്ചാല്‍ പിന്നെ മനുഷ്യവര്‍ഗം തന്നെ ഈ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകും. മതചിഹ്നങ്ങളെല്ലാം ശാന്തിയുടെയും സമാധാനത്തിന്‍റെയും പ്രതീകങ്ങളാണ്. അത് അങ്ങനെയായിരിക്കുകയും ചെയ്യണം.

പക്ഷേ തീവ്രവാദികള്‍ അതേ പ്രതീകത്തെ മരണത്തിന്‍റെയും ഭീതിയുടെയും ചിഹ്നങ്ങളാക്കി മാറ്റുന്നത് ആ മതത്തോടും വിശ്വാസികളോടും ചെയ്യുന്ന ക്രൂരതയാണ്. അത്തരം ക്രൂരതയ്ക്ക് തങ്ങളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് കേരളത്തിന്‍റെ മതേതര സ്വഭാവത്തിനു കടുത്തഭീഷണിയാണ് ഉയര്‍ത്തുന്നത്. അതിനെ തിരസ്‌ക്കരിക്കുകയും ശക്തമായി എതിര്‍ക്കുകയും വേണം.''

Tags:    
News Summary - Sathyadeepam article on Christianity and Islamophobia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.