കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്ന് കോൺഗ്രസിലേക്ക്; പാർട്ടിയിലേക്ക് അടുപ്പിച്ചത് ആന്‍റണിയോടുള്ള ആരാധന ​

കണ്ണൂർ: ജില്ലയിലെ സി.പി.എം പാർട്ടി ഗ്രാമങ്ങളിൽ ഒന്നായ പാച്ചേനിയിൽ കമ്യൂണിസ്റ്റ് കുടുംബത്തിലെ കർഷകത്തൊഴിലാളി ദമ്പതികളുടെ മൂത്ത മകനായ സതീശൻ പാച്ചേനി ദാരിദ്ര്യവും കഷ്ടപ്പാടുകളും ഏറെ അനുഭവിച്ചാണ് വളർന്നത്. എഴുപതുകളുടെ അവസാനം കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ ആദർശാധിഷ്ഠിത നിലപാടുകളിലെ ആരാധനയിൽ അദ്ദേഹത്തോട് അണിചേർന്ന അനേകായിരങ്ങളിൽ പാച്ചേനിയും ഉണ്ടായിരുന്നു.

ഒരുപാട് വെല്ലുവിളികൾ തരണം ചെയ്തുള്ളതായിരുന്നു രാഷ്ട്രീയ പ്രവർത്തനം. പരിയാരം ഗവ. സ്കൂളിൽ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് ആയി ഒന്നാമത്തെ എസ്.എസ്.എൽ.സി ബാച്ചിൽ ഇറങ്ങിയ പാച്ചേനിയുടെ അടുത്ത പ്രവർത്തന കേന്ദ്രം കണ്ണൂർ ഗവ. പോളിടെക്നിക് ആയിരുന്നു. മെക്കാനിക്കൽ ട്രേഡിൽ വിദ്യാർഥിയായി ഇവിടെയും കെ.എസ്. യുവിനെ നയിച്ചു.

1985ൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ കെ.എസ്‌.യു നേതൃത്വത്തിൽ 66 ദിവസം നീണ്ടുനിന്ന ഐതിഹാസിക സമരം നടത്തിയപ്പോൾ കണ്ണൂരിൽ അത് നയിച്ചത് സതീശൻ പാച്ചേനി ആയിരുന്നു. കണ്ണൂർ എസ്.എൻ കോളജിൽ പ്രീഡിഗ്രിക്ക് ചേർന്ന സതീശൻ കെ.എസ്‌.യു തളിപ്പറമ്പ് താലൂക്ക് സെക്രട്ടറിയായും തുടർന്ന് കണ്ണൂർ ജില്ല വൈസ് പ്രസിഡന്റുമായി. ബി.എ പൊളിറ്റിക്കൽ സയൻസ് പഠിക്കാൻ പയ്യന്നൂർ കോളജിൽ ചേർന്ന കാലഘട്ടത്തിൽ കെ.സി. വേണുഗോപാൽ കെ.എസ്.യു പ്രസിഡന്‍റായ സമയത്ത് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗമായി.

1993ൽ ജെ. ജോസഫ് പ്രസിഡന്റ് ആയ കമ്മിറ്റിയിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. തുടർന്ന് അടുത്ത കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റായി സതീശൻ പാച്ചേനിയെ തിരഞ്ഞെടുത്തു. 



 


കേരളത്തിൽ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിനെതിരെ നിരവധി പ്രക്ഷോഭങ്ങൾക്ക് കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ സതീശൻ പാച്ചേനി നേതൃത്വം നൽകി. പാരലൽ കോളജ് വിദ്യാർഥികളുടെ ബസ് കൺസഷനുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി കെ.എസ്‌.യു നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ ഭീകരമായ ലാത്തിച്ചാർജിൽ സതീശൻ പാച്ചേനി അടക്കം 28 നേതാക്കൾക്ക് മാരകമായി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലായി. അന്ന് ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് കെ.എസ്.യു നേതാക്കളെ റിമാൻഡ് ചെയ്യുന്നത്. അട്ടക്കുളങ്ങര സബ് ജയിലിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം ഒടിഞ്ഞ പ്ലാസ്റ്ററിട്ട കൈകളും മുറിവുകളുമായി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരസമരം നടത്തി.

സതീശൻ പാച്ചേനിയുടെ നിരാഹാരസമരത്തിന്റെ അഞ്ചാംദിവസം അന്നത്തെ ഗതാഗത മന്ത്രി നീലലോഹിതദാസ നാടാർ കെ.എസ്‌.യു നേതാക്കളെ ചർച്ചയ്ക്ക് വിളിക്കുകയും പാരലൽ കോളജ് വിദ്യാർഥികളുടെ ചാർജ്ജ് വർധിപ്പിച്ച നടപടി പിൻവലിക്കുകയും ചെയ്തു. വിദ്യാർഥികളുടെ അവകാശ സംരക്ഷണത്തിനായി കെ.എസ്‌.യു നടത്തിയ ചരിത്ര സമരങ്ങളിൽ ഒന്നായി ഇത് മാറി. 




മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്താതെ പ്രീ ഡിഗ്രി എടുത്തുകളഞ്ഞ് സ്കൂളുകളിൽ പ്ലസ് ടു കൊണ്ടുവരുന്നതിനെതിരെ കെ.എസ്‌.യു നടത്തിയ പ്രക്ഷോഭവും സതീശൻ പാച്ചേനി പ്രസിഡന്റായ കാലത്തായിരുന്നു. അന്ന് ജാമ്യം കിട്ടാത്ത നിരവധി വകുപ്പുകൾ ചുമത്തി നിരന്തരം ജയിലിൽ അടച്ചാണ് സതീശനെയും സഹപ്രവർത്തകരെയും ഇടത് സർക്കാർ പ്രതിരോധിക്കാൻ. ശ്രമിച്ചത്. ജയിലിൽ നിരാഹാര സമരം നടത്തി കെ.എസ്‌.യു നടത്തിയ പ്രതിഷേധവും ചരിത്രസംഭവമായി.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കാലിക്കറ്റ് സർവകലാശാല യൂണിയൻ കെ.എസ്‌.യു തിരിച്ചുപിടിക്കുന്നത് സതീശൻ പാച്ചേനി പ്രസിഡന്‍റായ കാലത്താണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.