കോഴിക്കോട്: ലവ് ജിഹാദ് വിദ്വേഷ പ്രസംഗത്തിൽ ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന പൊലീസ് തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താര്‍ പന്തല്ലൂര്‍.
വിദ്വേഷ പ്രസംഗം തുടർച്ചയായി നടത്തിയാൽ കേസെടുക്കാൻ വകുപ്പില്ലെന്നാണ് പറയുന്നതെന്നും നിയമോപദേശം ഈ വഴിക്കാണെങ്കിൽ തെറ്റു ചെയ്യുന്നവർ നിരന്തരം ചെയ്താൽ കുറ്റകൃത്യമാവില്ലെന്നാണ് മനസിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷനാവിനെ നിയന്ത്രിക്കാൻ നിയമത്തിൽ വഴിയില്ലെങ്കിൽ ഒരു വൈദ്യോപദേശം കിട്ടുമോ ഊളമ്പാറയിലേക്കോ മറ്റോ? അതോ എല്ലാവരും എം.ഡി.എം.എ അടിച്ച് ഫിറ്റായതാണോയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. കേസെടുക്കേണ്ടതായി പ്രസംഗത്തിൽ ഒന്നുമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് തീരുമാനം.
ലഹരി ഭീകരതക്കെതിരെ പാലാ ബിഷപ്പ് പാലായില്‍ വിളിച്ച സമ്മേളനത്തിലായിരുന്നു ജോര്‍ജിന്‍റെ വിവാദ പ്രസ്താവന. നിരവധി പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിനാണ് പൊലീസ് നിയമോപദേശം തേടിയത്. മീനച്ചില്‍ താലൂക്കില്‍ മാത്രം ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയാണെന്നായിരുന്നു ജോര്‍ജിന്‍റെ വിവാദ പ്രസ്താവന. അതില്‍ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടിയെന്നും ജോര്‍ജ് പറഞ്ഞു.
‘25 വയസ്സാകുമ്പോൾ എനിക്കും പെണ്ണുങ്ങളെ കാണുമ്പോൾ സന്തോഷം തോന്നും. പെൺകൊച്ചിന് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നും. ക്രിസ്ത്യാനികൾ 24 വയസ്സിനകം പെൺകുട്ടികളെ കല്യാണം കഴിപ്പിക്കണം.
എന്തിനാണ് ക്രിസ്ത്യാനികൾ 25ഉം 30ഉം വയസ്സുവരെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാതെ വീട്ടിൽ നിർത്തിയിരിക്കുന്നത്. ഇന്നലെയും ഒരു 25 വയസ്സുകാരി പോയിട്ടുണ്ട്, അവളെ തപ്പുകയാണ്. എനിക്ക് ക്രിസ്ത്യൻ സഹോദരങ്ങളോടുള്ള അഭ്യർഥന, 24 വയസ്സിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കണം. അതിനുശേഷം അവർ പഠിക്കുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ.’ -ജോർജ് പാലായിൽ പറഞ്ഞു.
ചാനൽ ചർച്ചയിൽ പങ്കെടുക്കവെ, മുസ്ലിം സമൂഹത്തെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ ജോർജിന് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യം കിട്ടിയത്.
വിദ്വേഷ പ്രസംഗം ആദ്യം നടത്തുമ്പോൾ കേസെടുക്കും. രണ്ടാം വട്ടം നടത്തിയാലും കേസെടുക്കും. തുടർച്ചയായി നടത്തിയാൽ കേസെടുക്കാൻ വകിപ്പില്ലപോൽ. നിയമോപദേശം ഈ വഴിക്കാണെങ്കിൽ തെറ്റു ചെയ്യുന്നവർ നിരന്തരം ചെയ്താൽ കുറ്റകൃത്യമാവില്ലെന്നാണ് മനസിലാക്കേണ്ടത്. ഈ വിഷനാവിനെ നിയന്ത്രിക്കാൻ നിയമത്തിൽ വഴിയില്ലെങ്കിൽ ഒരു വൈദ്യോപദേശം കിട്ടുമോ ഊളമ്പാറയിലേക്കോ മറ്റോ ? അതോ എല്ലാവരും എം.ഡി.എം.എ അടിച്ച് ഫിറ്റായതാണോ ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.