പാലക്കാട്: പാലക്കാട് വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി സ്ഥാനാർഥി പണം നൽകിയെന്ന ആരോപണത്തിന് പിന്നാലെ സാരിയും വിതരണം ചെയ്തു. പിരായിരിയിൽ ബി.ജെ.പി പ്രവർത്തകർ വീടുകളിലെത്തി സാരി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രിയിലാണ് പലയിടങ്ങളിലും സാരി വിതരണംചെയ്തത്.
നേരത്തെ, ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്തതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തൊട്ടുപിന്നാലെയാണ് സമാനമായ രീതിയില്‍ വീണ്ടും ആരോപണം ഉയര്‍ന്നത്.
ബി.ജെ.പിയുടേത് പരാജയഭീതി മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണെന്ന് എൽ.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.എം.ആര്‍ റസാഖ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നല്‍കുമെന്നും റസാഖ് പ്രതികരിച്ചു. 'ബി.ജെ.പി വന്‍തോതില്‍ പണമിറക്കി വോട്ടര്‍മാരെ സ്വാധീനിക്കുകയാണ്. സാരി, പണം ഉള്‍പ്പെടെയുള്ളവ നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. വര്‍ഗീയ ധ്രുവീകരണത്തിലൂടെയുള്ള ബി.ജെ.പിയുടെ പ്രചാരണങ്ങള്‍ വിലപ്പോവില്ല'- റസാഖ് കൂട്ടിച്ചേര്‍ത്തു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
പാലക്കാട് എൻ.ഡി.എ സ്ഥാനാർഥി ശോഭാസുരേന്ദ്രന്റെ നേതൃത്വത്തിൽ വോട്ടർമാർക്ക് നൽകിയത് ഒരാൾക്ക് അയ്യായിരം രൂപവരെ വിതരണം ചെയ്തതെന്നാണ് ആരോപണം. അമ്പലങ്ങളിൽ 50,000, മരണ വീടുകളിൽ 25,000 വരെ നൽകിയതായി യു.ഡി.എഫ് പ്രവർത്തകർ പറയുന്നു. പ്രദേശത്തെ ബി.ജെ.പി പ്രവർകരല്ല ശോഭാ സുരേന്ദ്രനോടൊപ്പമുണ്ടായിരുന്നത്. കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ വിഡിയോ പകർത്തി. സാരിയും ആയിരം രൂപയുമാണ് വിതരണം ചെയ്തതത്. വീഡിയോ പകർത്തിയവരുടെ ചെപ്പക്ക്കുറ്റി അടിച്ച് പൊളിക്കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ഭീഷണി. നിങ്ങൾ ആരാണ് ഫോട്ടോയെടുക്കാനെന്ന് ചോദിച്ച് കൊണ്ട് നാട്ടുകാരോട് പ്രകോപനപരമായാണ് ശോഭാസുരേന്ദ്രൻ പെരുമാറിയത്. എന്നാൽ, അപ്പോഴേക്കും പണം കൈമാറുന്ന ദൃശ്യം പകർത്തികഴിഞ്ഞിരുന്നു. സംസ്ഥാനത്ത് അപൂർവമായാണ് സ്ഥാനാർഥി തന്നെ പണം വിതരണം ചെയ്യുന്നത് കയ്യോടെ പിടികൂടുന്നത്.
കഴിഞ്ഞ ദിവസവങ്ങളിലായി പണം നൽകുന്നതായി പ്രചാരണമുണ്ടായിരുന്നു. എന്നാൽ, വീഡിയോ പകർത്താൻ കഴിഞ്ഞതോടെയാണ് ഈ വിവരം സ്ഥീരീകരിച്ചത്. കലാശക്കൊട്ടിൽ പങ്കെടുക്കുന്നവർക്ക് പണം നൽകുന്നതായി നേരത്തെ തന്നെ പറയപ്പെട്ടിരുന്നു. നിശബ്ദപ്രചാരണ ദിവസമായ ഇന്ന് രാവിലെ മുതൽ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ പാവപ്പെട്ടവരുടെ വീടുകളിലെത്തി പണം നൽകുകയായിരുന്നു. ശോഭാസുരേന്ദ്രന്റെ കൂടെ വെള്ള സാരി ധരിച്ച സ്ത്രീയുണ്ട്. അവരാണ് പണം സൂക്ഷിക്കുകയും വിതരണം ചെയ്യുകയു ചെയ്തതെന്ന് യു.ഡി.എഫ് പ്രവർത്തകർ പറയുന്നു.
ഇലക്ഷൻ കമീഷൻ ഉദ്യോഗസ്ഥർ നാടുനീളെ പരിശോധന നടത്തുമ്പോഴാണ് എൻ.ഡി.എ സ്ഥാനാർഥി തന്നെ വോട്ടിനായി പണമൊഴുക്കുന്നത്. ഇത്, ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. മാധ്യമങ്ങളിൽ നിന്നറിച്ചപ്പോഴാണ് ഇതറിയുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു പറഞ്ഞു. ഈ വിഷയം വിശ്വാസത്തിലെടുക്കുകയാണ്. ബി.ജെ.പി ഉത്തരേന്ത്യയിലുൾപ്പെടെ പണമൊഴുക്കി വോട്ട് സ്വന്തമാക്കി. ഈ ശൈലി കേരളം അംഗീകരിക്കില്ല. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.