വി.എസിനെ ഉപയോഗിച്ച് സംഘ്പരിവാർ സിനിമ: സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് മുസ്​ലിം ലീഗ്

കോഴിക്കോട്: മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദൻ 2010ൽ നടത്തിയ പ്രസ്താവന ഉദ്ധരിച്ച് പുറത്തിങ്ങാൻ പോകുന്ന സംഘ്പരിവാർ അനുകൂല സിനിമ വിവാദങ്ങൾക്ക് തിരികൊളുത്തിയ സാഹചര്യത്തിൽ ആ അഭിപ്രായത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് സി.പി.എം വ്യക്തമാക്കണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു.

20 വർഷം കൊണ്ട് കേരളത്തെ ഇസ്‍ലാമിക രാജ്യമാക്കാൻ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഹിന്ദു പെൺകുട്ടികളെ മതം മാറ്റാനായി അവരുടെ കൂട്ടത്തിലെ ചെറുപ്പക്കാർ പണിയെടുക്കുന്നുണ്ടെന്നുമാണ് 13 വർഷം മുമ്പ് വി.എസ്. പറഞ്ഞത്.

കേരളത്തെ തീവ്രവാദ കേന്ദ്രമായും ഐ.എസ് റിക്രൂട്ട്മെന്റ് സെന്ററായും അവതരിപ്പിക്കുന്ന ‘കേരള സ്റ്റോറി’ എന്ന സംഘ്പരിവാർ സ്പോൺസേഡ് സിനിമയിൽ ഈ വാദം സമർഥിക്കാൻ വേണ്ടി വി.എസിന്റെ പ്രസ്താവനയെയാണ് ആശ്രയിച്ചിരിക്കുന്നത്. ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുനയിൽ നിർത്തുന്നതായിരുന്നു വി.എസിന്റെ പ്രസ്താവന.

ഇത് സി.പി.എം തള്ളിപ്പറയാത്തതു കൊണ്ട് വലിയ പ്രത്യാഘാതമാണ് സമൂഹത്തിലുണ്ടാക്കിയത്. ഇനിയെങ്കിലും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ സി.പി.എം തയാറാകണമെന്ന്​ പി.എം.എ സലാം പറഞ്ഞു. മതസ്പർധയുണ്ടാക്കുന്ന സിനിമയുടെ പ്രദർശനത്തിന് അനുമതി നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Sangh Parivar movie using VS: Muslim League should clarify CPM's position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.