കൊച്ചി: അംഗീകൃത മെഡിക്കൽ ഡിഗ്രി ഇല്ലാത്ത ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷനൽ തെറാപ്പിസ്റ്റുകളും പേരിന് മുന്നിൽ ‘ഡോക്ടർ’ എന്ന് ചേർക്കുന്നതിനെതിരായ ഹരജി ഹൈകോടതി തള്ളി. ഡോക്ടർ എന്ന് ചേർക്കുന്നതും സ്വതന്ത്ര പ്രാക്ടീസ് നടത്തുന്നതും വിലക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമടക്കം സമർപ്പിച്ച ഹരജികളാണ് ജസ്റ്റിസ് വി.ജി. അരുൺ തള്ളിയത്. രോഗപ്രതിരോധം, രോഗശമനം, പുനരധിവാസം, ആരോഗ്യ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ സേവനം നൽകാൻ ഹെൽത്ത് കെയർ പ്രഫഷനലുകൾക്ക് അർഹതയുണ്ടെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
‘ഡോക്ടർ’ ചേർക്കാൻ ഫിസിയോ തെറാപ്പിസ്റ്റുകൾക്കടക്കം ഗുണകരമാകുന്ന നാഷനൽ മെഡിക്കൽ കൗൺസിൽ നിയമത്തിന്റെ ഷെഡ്യൂളിലെയും കരിക്കുലത്തിലെയും ചില വ്യവസ്ഥകൾ വ്യാഖ്യാനത്തിലൂടെ പരിമിതപ്പെടുത്തണമെന്നായിരുന്നു എം.ബി.ബി.എസും സമാന ബിരുദവുമുള്ള ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നത്.
പാർലമെന്റ് പാസാക്കിയ ഒരുനിയമത്തിലെ വ്യവസ്ഥകൾ പരിമിതപ്പെടുത്താൻ കോടതികൾ സാധാരണഗതിയിൽ തയാറാകാറില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഫിസിയോ തെറാപ്പിസ്റ്റുകളെയും ഒക്യുപേഷനൽ തെറാപ്പിസ്റ്റുകളെയും മെഡിക്കൽ പ്രഫഷനലുകളെ സഹായിക്കുന്ന ഒരു വിഭാഗമായി മാത്രം ചുരുക്കാൻ തക്കതായ കാരണങ്ങളൊന്നുമില്ലെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.