തിരുവനന്തപുരം: ഒരു നയാപ്പൈസ രക്തസാക്ഷി ഫണ്ടിൽനിന്ന് നഷ്ടപ്പെടാൻ പാർട്ടി കൂട്ടുനിൽക്കില്ലെന്നും തെറ്റായ രീതിയിൽ അത് കൈകാര്യം ചെയ്യാൻ ആരെയും അനുവദിക്കുകയില്ലെന്നും സി.പി.എം സംസ്ഥാന ക്രെട്ടറി എം.വി. ഗോവിന്ദൻ. പയ്യന്നൂരിൽ വി. കുഞ്ഞിക്കൃഷ്ണൻ ഉയർത്തിയ ആരോപണങ്ങൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് വാർത്തസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. മുൻപ് ഇതു സംബന്ധമായി ഉയർന്ന പ്രശ്നങ്ങൾ പരിഹരിച്ചു. ഇപ്പോൾഉയർന്ന പ്രശ്നം സംഘടന അച്ചടക്കവുമായി ബന്ധപ്പെട്ടതാണ്. അത് ഇന്നും നാളെയുമായി കണ്ണൂർ ജില്ല സെക്രട്ടേറിയറ്റും ജില്ല കമ്മിറ്റിയും ചേർന്ന് പരിഹരിക്കും. ആവശ്യമെങ്കിൽ സംസ്ഥാന നേതൃത്വം ഇടപെടും. ഒരു ക്രമക്കേടിനും പാർട്ടി കൂട്ടുനിൽക്കില്ല. ഉയർന്നുവരുന്നത് സംഘടന വിരുദ്ധ പ്രശ്നമാണ്. തെറ്റുണ്ടെങ്കിൽ ആവശ്യമായ തിരുത്തലുകൾ വരുത്തും.
കേരളത്തിൽ സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരമില്ല. ഇക്കാര്യം സി.പി.എമ്മിന്റെ ഗൃഹ സന്ദർശനത്തിൽ വ്യക്തമായി. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് ഇപ്പോൾ പഴയപോലെ ഒരു ഉശിരില്ല, കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നേതാക്കൾ ഇതിൾ ഉൾപ്പെട്ടപ്പോൾ മാധ്യമങ്ങളുടെ ഉശിരുപോയി. പോറ്റിയെ കേറ്റിയത് ഇടതുപക്ഷമല്ല, കോൺഗ്രസാണ് എന്ന് വ്യക്തമായി.
സ്വർണം കട്ടയാളും വിറ്റയാളും സോണിയ ഗാന്ധിയെകാണാൻ പോയി. എന്തിനാണ് പോയത്. സോണിയയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ പറയുന്നത്. തന്ത്രിയെ പിടിച്ചതോടുകൂടി ബി.ജെ.പിക്ക് മിണ്ടാട്ടമില്ല. എല്ലാ അനേഷണവും നടക്കട്ടെ. അന്വേഷണ സംഘത്തിന് എല്ലാ പിന്തുണയും നൽകും.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമസഭയിൽനിന്ന് കോൺഗ്രസ് ഒളിച്ചോടി. കൊടിമരവും, വാജി വാഹനം നൽകിയതുമെല്ലാം ചർച്ചയാകുമെന്നതിനാൽ അടിയന്തര പ്രമേയം നൽകുന്നതിനുപോലും നിൽക്കാതെ ഒളിച്ചോടുകയായിരുന്നു പ്രതിപക്ഷം.
തിരുവന്തപുരത്ത് പ്രധാനമന്ത്രി കേരളത്തിന്റെ സമഗ്ര വിസനത്തിന് ബ്ലൂ പ്രിന്റ് പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി പറഞ്ഞു. എന്നാൽ രാഷ്ട്രീയ പ്രസംഗം നടത്തി പ്രധാന മന്ത്രി പോയി. പ്രധാനമന്ത്രി ചൂരൽമല ദുരന്ത സ്ഥലം സന്ദർശിച്ച അതേ അവസ്ഥയാണ് തിരുവന്തപുരത്തും. വലിയ കബളിപ്പിക്കൽ പ്രസ്ഥാനമായി ബി.ജെ.പി മാറി.
പ്രതിപക്ഷ നേതാവ് വർഗീയ പ്രചാരണമാണ് നടത്തുന്നത്. തങ്ങളെ വിമർശിക്കാൻ ആർക്കും അധികാരമില്ല എന്ന് സതീശൻ പറഞ്ഞാൽ എങ്ങനെ ശരിയാകും. നാല് വോട്ടു കിട്ടാൻ എന്ത് അവസര വാദവും സ്വീകരിക്കുന്നയാളാണ് സതീശൻ. കെ.എം. ഷാജി രാഷ്ട്രീയനേതാവല്ല, തോന്ന്യവാസിയാണെന്നും എല്ലാവരും വികസന വിരുദ്ധരായെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.