ഡെപ്യൂട്ടി കലക്ടർ ഗീതയെ സസ്പെൻഡ് ചെയ്തത് നടപടിക്രമം പാലിക്കാതെയാണെന്ന് ആരോപണം, പരാതിയുമായി എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: തന്നെ സസ്പെൻഡ് ചെയ്തത് ഒരു നടപടിക്രമവും പാലിക്കാതെയാണെന്ന് വയനാട്ടിലെ ഡെപ്യൂട്ടി കലക്ടർ ഗീത. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ റവന്യൂ മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഗീതയെ സസ്പെൻഡ് ചെയ്തത്.

കെ.ജെ ദേവസ്യ വയൽ തരം മാറ്റി തരണം എന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ഗീത ആരോപിച്ചു. നിയമപരമായി മാത്രമാണ് താൻ പ്രവർത്തിച്ചത്. കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ല. കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് പരാതിക്കാരൻ തെളിയിക്കണം. ഇതിനെതിരെ താൻ നിയമ നടപടി സ്വീകരിക്കുമെന്നും ഗീത പറഞ്ഞു. ദേവസ്യ അപേക്ഷിച്ചത് ഭാര്യയുടെ പേരിലുള്ള വയൽ തരം മാറ്റാനാണ്. വില്ലേജ് ഓഫീസറും കൃഷി ഓഫിസറും തരം മാറ്റലിനെ എതിർത്തിരുന്നു. ഇതിനാലാണ് തരം മാറ്റൽ തടഞ്ഞതെന്ന് ഗീത പറഞ്ഞു.

ദേവസ്യക്ക് അനുകൂലമായി കോടതി ഉത്തരവുണ്ട് എന്നാണ്. എന്നാൽ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കണം എന്ന് മാത്രമാണ് കോടതി ഉത്തരവ്. ടൗൺഷിപ്പ് ഉള്ള എൽസ്റ്റൺ എസ്റ്റേറ്റിലെ ഉടമയും റവന്യൂ റിക്കവറി ഒഴിവാക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന് ഗീത പറഞ്ഞു. താൻ 33 വർഷമായി സർവീസിലുളളയാളാണ്. ഇതുവരെ ഒരു ആരോപണവും തനിക്കെതിരെ വന്നിട്ടില്ലെന്നും ഡെപ്യൂട്ടി കലക്ടർ പറഞ്ഞു.

സസ്പെൻഷൻ ചെയ്യുന്നതിന് സാധാരണ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സസ്പെൻഷൻ നടന്നത്. ജില്ലാ കലക്ടർ വിശദീകരണം ചോദിക്കുകയോ ഹിയറിങ് നടത്തുകയോ ചെയ്തിട്ടില്ല. സസ്പെൻഷൻ നടപടി ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും എൻ.ജി.ഒ അസോസിയേഷൻ വ്യക്തമാക്കി.

വിരമിക്കാൻ കേവലം ആറുമാസം മാത്രം ബാക്കിനിൽക്കെയാണ് ഡെപ്യൂട്ടി കലക്ടർക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. നൂൽപുഴ ഭാഗത്തെ നീരൊഴുക്ക് തടസപ്പെടുത്തി, വയൽ നികത്താൻ കൂട്ടുനിൽക്കാത്തതിലുള്ള വൈരാഗ്യബുദ്ധിയോടെയുള്ള നടപടിയാണ് ഇതെന്നും എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു.

Tags:    
News Summary - NGO association files complaint alleging that Deputy Collector Geetha was suspended without following procedure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.