ശശി തരൂർ

ശശി തരൂരിനെ ഒപ്പം നിർത്താൻ സി.പി.എം; ദുബൈയിൽ നിർണായക ചർച്ച

തിരുവനന്തപുരം: യു.ഡി.എഫുമായി ഇടഞ്ഞുനിൽക്കുന്ന ശശി തരൂർ എം.പിയെ ഒപ്പം നിർത്താൻ സി.പി.എം നീക്കങ്ങൾ നടത്തുന്നതായി സൂചന. ദുബൈയിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിയാണ് ചർച്ചക്ക് മുൻഗണന എടുക്കുന്നത് എന്നും സൂചനയുണ്ട്. ഇന്ന് രാവിലെയാണ് ശശി തരൂർ ദുബൈയിലേക്ക് തിരിച്ചത്. ഇന്ന് വൈകീട്ട് ശശി തരൂരും മുഖ്യമന്ത്രിയുമായി അടുപ്പുമുള്ള വ്യവസായിയുമായി കൂടിക്കാഴ്ച നടക്കും.

27നാണ് തിരുവനന്തപുരത്ത് നടക്കുന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ശശി തരൂർ പ​ങ്കെടുത്തേക്കില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇടഞ്ഞുനിൽക്കുന്ന ശശി തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അതിനിടയിലാണ് സി.പി.എം ഇത്തരമൊരു നീക്കവുമായി മു​ന്നോട്ടുപോകുന്നത്.

കോൺഗ്രസുമായി ചില പ്രശ്നങ്ങളുണ്ടെന്നും അതെല്ലാം നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും കഴിഞ്ഞ ദിവസം ശശി തരൂർ വ്യക്തമാക്കിയിരുന്നു. പാർലമെന്റിൽ സംഘടനയുടെ പ്രഖ്യാപിത നിലപാടുകൾ ഒരിക്കലും ലംഘിച്ചിട്ടില്ല. സംഘടനക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ മാധ്യമങ്ങളിലൂടെയല്ല, സംഘടനക്കുള്ളിൽ തന്നെ ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ അടുത്തിടെ നടന്ന ഒരു പരിപാടിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ സാന്നിധ്യം വേണ്ടവിധം അംഗീകരിക്കാത്തതിലും, സംസ്ഥാന നേതാക്കൾ തന്നെ മാറ്റിനിർത്താൻ ആവർത്തിച്ച് ശ്രമിച്ചതിലും തരൂർ അസ്വസ്ഥനാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

കോൺ​ഗ്രസ്​ സ്ഥാനാർഥികളായി​ ജയിച്ച തദ്ദേശസ്ഥാപന ജനപ്രതിനിധികൾക്കായി കെ.പി.സി.സി സംഘടിപ്പിച്ച വിജയോത്സവം മഹാപഞ്ചായത്തിൽ ആവശ്യമായ പരിഗണന ലഭിക്കാത്തതില്‍ ശശി തരൂരിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. എ.ഐ.സി.സി വർക്കിങ് കമ്മിറ്റി അംഗമെന്ന പരിഗണന ലഭിച്ചില്ലെന്ന് കാണിച്ച് കെ.സി. വേണുഗോപാലിനോടും ദീപാദാസ് മുൻഷിയോടും തരൂർ പരാതി അറിയിച്ചെന്നാണ് വിവരം. കൊച്ചിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടി തീരുംമുമ്പേ തരൂർ വേദി വിട്ട് ഇറങ്ങിപ്പോയിരുന്നു.

Tags:    
News Summary - CPM to keep Shashi Tharoor with it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.