ഡോ. പരകാല പ്രഭാകർ 

സംഘ്പരിവാർ രാജ്യത്തെ ഇഞ്ചിഞ്ചായി കൊല്ലുക‍യാണെന്ന് പരകാല പ്രഭാകർ

കാസർകോട്: സംഘ്പരിവാർ രാജ്യത്തെ ഇഞ്ചിഞ്ചായി കൊല്ലുക‍യാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഫാഷിസ്റ്റ് വിമർശകനും കേന്ദ്ര മന്ത്രി നിർമല സീതാരാമന്‍റെ ഭർത്താവുമായ ഡോ. പരകാല പ്രഭാകർ. രാജ്യത്തിന്‍റെ സാമൂഹികാവസ്ഥയിൽ നിന്നും മതേതരത്വം എന്ന വാക്ക് തന്നെ ഇല്ലാതാക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച കാഞ്ഞങ്ങാട് സെക്യുലർ ഫോറം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പരകാല പ്രഭാകർ.

മതേതരത്വം എന്ന വാക്ക് ഉപയോഗിക്കാൻ മറ്റ് പാർട്ടികൾ പോലും മടിക്കുന്ന രൂപത്തിലേക്ക് രാജ്യത്തെ സംഘപരിവാർ എത്തിച്ചിരിക്കുന്നു. രാജ്യത്ത് മുസ്ലിം സമുദായത്തെ ബി.ജെ.പി തിരസ്കരിക്കുകയാണ്. എൽ.കെ. അദ്വാനി തന്‍റെ ആത്മകഥയിൽ മുസ്ലിം സമുദായത്തെ തിരസ്കരിച്ചുകൊണ്ടാണ് കൈകാര്യം ചെയ്യേണ്ടതെന്ന് പറയുന്നുണ്ട്. അത് പ്രാവർത്തികമാക്കിയിരിക്കുകയാണ് ബി.ജെ.പി. നിലവിലെ കേന്ദ്ര സർക്കാറിൽ മുസ്ലിം പ്രാതിനിധ്യമില്ല. യു.പി, ഗുജറാത്ത് നിയമസഭകളിൽ ബി.ജെ.പിക്ക് മുസ്ലിം പ്രാതിനിധ്യമില്ല.

രാജ്യത്തെ പാർലമെന്‍റ് സംവിധാനത്തിന്‍റെ ജനാധിപത്യ സ്വഭാവവും ഇല്ലാതാവുകയാണ്. കാർഷിക ബിൽ ചർച്ചചെയ്യാതെ പാസ്സാക്കിയത് അതിന് ഉദാഹരണമാണ്. വലിയ പ്രക്ഷോഭമുണ്ടായപ്പോൾ പിൻവലിച്ചു. ചർച്ചകൾ നടക്കാതെ ബില്ലുകൾ പാസ്സാക്കുകയും പിൻവലിക്കുകയും ചെയ്യുന്ന സാഹചര്യമായി.

എന്തിനായിരുന്നു മോദി സർക്കാറിന്‍റെ നോട്ട് നിരോധനം എന്നത് ഇന്നും മനസ്സിലാകാത്ത കാര്യമാണ്. നാണ്യപ്പെരുപ്പം കൂടിക്കൂടി വരുന്നു. ഭക്ഷ്യ പണപ്പെരുപ്പം ഉയരുന്നു. തൊഴിലില്ലായ്മ ഏറ്റവും കൂടിയ നിലയിലെത്തുന്നു. ഇത്തരത്തിൽ സമ്പദ്ഘടന തകർന്നുനിൽക്കുമ്പോൾ പോലും ജനമനസുകളിൽ സംഘ്പരിവാർ വർഗീയത പടർത്തുകയാണ് -ഡോ. പരകാല പ്രഭാകർ പറഞ്ഞു.

 

നേരത്തെയും ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനം നടത്തിയിട്ടുള്ളയാണ് പരകാല പ്രഭാകർ. അദ്ദേഹം രചിച്ച, മോദി ഭരണകൂടത്തെ നിരൂപണം ചെയ്യുന്ന ‘ദി ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ: എസ്സേസ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്’ എന്ന പുസ്തകം ബി.ജെ.പിയിലും ദേശീയ രാഷ്ട്രീയത്തിലും വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളെയും സാമ്പത്തിക രംഗത്തെ പൊട്ടത്തരങ്ങളെയും രൂക്ഷമായി വിമർശിക്കുന്നതാണ് ഗ്രന്ഥം.

ഭരണത്തിൽ മോദി കാര്യക്ഷമമല്ലെന്നും എന്നാൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിലും വർഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും വിദഗ്ധനാണെന്നുമാണ് പുസ്തകവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചത്. 2024ൽ ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയാൽ രാജ്യത്ത് സർവനാശമുണ്ടാകും. സാമ്പത്തികരം​ഗത്തടക്കം മോദിയുടെ കഴിവില്ലായ്‌മ അമ്പരപ്പിക്കുന്നു. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി ബി.ജെ.പി മാറ്റും. സമ്പദ്‌വ്യവസ്ഥ പൂർണ തകർച്ചയിലാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പദ്‌വ്യവസ്ഥയിൽ മാത്രമല്ല, മറ്റ് പല മേഖലകളിലും കാര്യക്ഷമതയില്ലാത്തവനായി മാറിയിരിക്കുന്നു. എന്നാൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയും വർഗീയ വിദ്വേഷം സൃഷ്ടിക്കുകയും ചെയ്യുന്നതടക്കം ചില കാര്യങ്ങളിൽ അദ്ദേഹം കാര്യക്ഷമനാണ് -അദ്ദേഹം പറഞ്ഞു.

 

ആന്ധ്രാപ്രദേശിലെ മുൻമന്ത്രി ശേഷാവതാരത്തിന്‍റെ മകനാണ് പരകാല പ്രഭാകർ. മാതാവ് എം.എല്‍.എയുമായിരുന്നു. അടിയുറച്ച കോൺഗ്രസ് കുടുംബം. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിൽ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനനന്തരബിരുദത്തിന് പഠിക്കവെയാണ് ആന്ധ്ര നരസപുരം സ്വദേശിയായ പരകാല പ്രഭാകറും നിർമലയും പ്രണയത്തിലായത്. 1986ൽ വിവാഹിതരായി.

പിന്നീട് ഇരുവരും ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഗവേഷണത്തിന് ചേർന്നു. വാജ്പേയ് സർക്കാറിന്റെ കാലത്താണ് പ്രഭാകർ ബി.ജെ.പി രാഷ്ട്രീയത്തിൽ സജീവമായത്. 2000ത്തിൽ ആന്ധ്ര പ്രദേശ് ബി.ജെ.പി വക്താവായിരുന്നു. ഇതിന് ശേഷം, 2006ലാണ് നിർമ്മല സീതാരാമൻ ബി.ജെ.പിയോടടുക്കുകയും പാർട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്യുന്നത്. എന്നാൽ, 2007ൽ പ്രഭാകർ ബി.ജെ.പി വിട്ട് ചിരഞ്ജീവിയുടെ പ്രജാരാജ്യം പാർട്ടിയിൽ ചേർന്നു. പിന്നീട് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം രാഷ്ട്രീയ നിരീക്ഷകനായും എഴുത്തുകാരനായും സാമ്പത്തിക ഉപദേഷ്ടാവായും നിറഞ്ഞുനിന്നു. ഭാര്യ നിർമലയാകട്ടെ ബി.ജെ.പിയിൽ ഉറച്ച് നിൽക്കുകയും വെച്ചടി വെച്ചടി കയറുകയും ചെയ്തു. പരകാല പ്രഭാകർ സംഘ്പരിവാർ വിമർശകനാവുകയും ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.