തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ നടന്ന ആക്രമണം സാംസ്കാരിക ഫാഷിസമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത്തരം സംഭവങ്ങൾ വെച്ചു പുറപ്പിക്കാൻ പാടില്ല. ഗൗരവതരമായ സംഭവത്തെ അപലപിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു.
സ്വാമിയുടെ പ്രഭാക്ഷണങ്ങളും ഇടപെടലുകളും കേരളത്തിലെ സാമൂഹ്യ രംഗത്ത് വലിയ ചലനങ്ങൾ ഉണ്ടാക്കുന്നതാണ്. നിർഭയമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം സ്വാമിക്കുണ്ട്. ജനാധിപത്യത്തിന്‍റെ കരുത്തും അതാണ്. അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് നാലര വർഷമായി രാജ്യത്ത് കണ്ടു വരുന്നത്. അതിന്‍റെ തുടർച്ചയാണ് ആശ്രമം ആക്രമിച്ച സംഭവമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ആശ്രമം ആക്രമിച്ചതിൽ ആശങ്കയുണ്ടെന്ന് കെ.പി.സി.സി പ്രചാരണവിഭാഗം കൺവീനർ കെ. മുരളീധരൻ എം.എൽ.എ പറഞ്ഞു. ആശ്രമം തീവെക്കാനും സ്വാമിയെ കൊലപ്പെടുത്താനുമാണ് ശ്രമം നടന്നത്. അഭിപ്രായ വ്യത്യാസങ്ങൾക്ക് കൊലപാതകവും തീവെപ്പുമല്ല പരിഹാര മാർഗങ്ങൾ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
സന്ദീപാനന്ദഗിരിയുടെ കുണ്ടമൺ കടവിലെ ആശ്രമം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.