തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസ് നിയമപരമായി നേരിടുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യർ. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയത് ഡി.വൈ.എഫ്.ഐ നേതാവ് ആണ്. തനിക്കെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഇരയുടെ ഐഡന്റിറ്റി ആദ്യമായും അവസാനമായും വെളിപ്പെടുത്തിയ സംഘടനയുടെ പേരാണ് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതിയിൽ ഇരയെ വിവാഹം ചെയ്തു കൊണ്ടുവന്ന വീടിനു പരിസരത്ത് മൈക്ക് കെട്ടി പ്രസംഗിക്കുന്നതിന്റെ വീഡിയോ ഉണ്ട്. ഇതേ ബ്ലോക്ക് പ്രസിഡണ്ട് ഫേസ്ബുക്കിൽ ഒക്ടോബർ മാസത്തിൽ തന്നെ ഇരയുടെ ഭർത്താവിൻറെ രാഷ്ട്രീയം അടക്കം ചൂണ്ടിക്കാണിച്ച് അപമാനിക്കുന്ന നിരവധി ഫേസ്ബുക്ക് പോസ്റ്റുകൾ ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാക്കൾക്ക് അയച്ചുതരാം. ഒരു പരാതി സ്വന്തം നേതാവിനെതിരെ കൊടുത്തേക്ക്. ഏത് ബ്ലോക്ക് എന്നോ ഏതു നേതാവെന്നോ പറയാത്തത് പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കാൻ വേണ്ടിയാണ്.
അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍ എന്നിവരെ ഉൾപ്പെടെ പ്രതി ചേർത്താണ് പൊലീസ് കേസെടുത്തത്. മഹിള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഡ്വ. ദീപ ജോസഫ്, ദീപ ജോസഫ് (ഫേസ്ബുക്ക് അക്കൗണ്ട്) എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. സന്ദീപ് വാര്യര്‍ നാലാം പ്രതിയും രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയുമാണ്. ഇതിൽ രാഹുല്‍ ഈശ്വറിനെ സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫേസ്ബുക്ക് പോസ്റ്റുകൾ പങ്കുവെച്ച പേരെടുത്ത് പറയാത്തവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവയുടെ യു.ആർ.എൽ ലിങ്കുകൾ പരാതിക്കാരി നൽകിയിട്ടുണ്ട്. സൈബർ അധിക്ഷേപ പരാതിയിൽ ഓരോ ജില്ലകളിലും കേസെടുക്കാൻ എ.ഡി.ജി.പി വെങ്കിടേഷ് നിര്‍ദേശം നൽകി. അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തി, സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങിയ പരാതികളിൽ ഐ.ടി ആക്ട് 43, 66, ബി.എൻ.എസ് 72, 79 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
ഞായറാഴ്ച വൈകീട്ടോടെ തിരുവനന്തപുരം പൗഡിക്കോണത്തെ വീട്ടിൽ നിന്നാണ് രാഹുൽ ഈശ്വറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തുടർന്ന് എ.ആർ ക്യാമ്പിലെത്തിച്ച് സൈബർ പൊലീസ് എ.സി.പി പ്രകാശിന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. രാഹുലിന്‍റെ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുവതിയുടെ സ്വത്വം വെളിപ്പെടുത്തുന്ന തരത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അനുയായികളും കോൺഗ്രസ് അനുകൂല ഡിജിറ്റൽ മീഡിയ സെൽ അംഗങ്ങളും നടത്തിയ സൈബർ ആക്രമണത്തിനെതിരെ അതിജീവിത പരാതി നൽകിയിരുന്നു. തുടർന്ന് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്‍റെ നേതൃത്വത്തിൽ യോഗം ചേർന്ന് കേസെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.