സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുന്നു, മറ്റു പാർട്ടികളും ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളണം; ഫേസ്ബുക്ക് പോസ്റ്റുമായി സന്ദീപ് വാര്യർ

ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ നടപടിയിൽ ഫേസ്ബുക്ക് പോസ്റ്റുമായി ​സന്ദീപ് വാര്യർ. രാഹുലിനെ പുറത്താക്കിയ കെ.പി.സി.സി അധ്യക്ഷന്റെ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, തങ്ങളുടെ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണെന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.

വ്യക്തി എത്ര ഉന്നതനായാലും സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുന്നു. പാർട്ടിയുടെ ധാർമികതയും നീതിബോധവുമാണ് ഇവിടെ വിജയിച്ചതെന്നും കോൺഗ്രസ് എന്നും മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണിതെന്നും സന്ദീപ് വാര്യർ കുറിച്ചു.

സമാനമായ ആരോപണങ്ങൾ ഉയർന്നപ്പോൾ ആരോപണ വിധേയരെ സംരക്ഷിച്ച മറ്റ് പാർട്ടികൾ ഇതിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നീതിയാണ് വലുത്

ഇന്ന്, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയുടെ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, ഇത് ഞങ്ങളുടെ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്.

ഒരു വ്യക്തി എത്ര ഉന്നതനായാലും, ആരോപണങ്ങൾ ഗുരുതരമാണെങ്കിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ, ഒറ്റ വിട്ടുവീഴ്ചയുമില്ല എന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുന്നു. ഇവിടെ വ്യക്തി താൽപ്പര്യങ്ങളല്ല, പാർട്ടിയുടെ ധാർമ്മികതയും നീതിബോധവുമാണ് വിജയിച്ചത്. ഇത് കോൺഗ്രസ് എന്നും മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിൻ്റെ പ്രതിഫലനമാണ്.

മറ്റ് പാർട്ടികളുടെ അവസ്ഥ എന്താണ്?

സ്ത്രീകൾക്കെതിരെ കേസുകളുള്ള സ്വന്തം നേതാക്കളെ സംരക്ഷിക്കാനായി അവർ ആവോളം വെള്ളപൂശും. പുറത്തുനിന്നുള്ളവർക്കെതിരെ വരുമ്പോൾ വാളെടുത്ത് ചാടും.

സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാവുകയും സ്വന്തം പാളയത്തിലെ തെറ്റുകൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് എത്രയോ തവണ നമ്മൾ കണ്ടതാണ്.

സമാനമായ ആരോപണങ്ങൾ വന്നപ്പോൾ, ആരോപണവിധേയരെ സംരക്ഷിക്കാൻ ഭരണ സ്വാധീനം ഉപയോഗിക്കുകയും, തങ്ങളെ വിമർശിക്കുന്നവരെ വേട്ടയാടുകയും ചെയ്ത പല പാർട്ടികളും ഈ നടപടിയിൽ നിന്ന് ഒരു പാഠം പഠിക്കണം.

നീതിയുടെ ഈ വഴിയിൽ, കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്.

പീഡനത്തിനിരയായവർക്കുവേണ്ടി, അവകാശങ്ങൾ നിഷേധിക്കപ്പെട്ട സ്ത്രീകൾക്കുവേണ്ടി, പോരാട്ടം തുടരും.


Full View


Tags:    
News Summary - Sandeep Varier Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.