സന്ദീപ് വാര്യർ
മോദി സർക്കാർ ഫാഷിസ്റ്റ് സർക്കാറാണെന്ന നിലപാടിൽ മലക്കം മറിഞ്ഞ സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് സന്ദീപ് വാര്യർ. ആർ.എസ്.എസിന്റെ നയങ്ങൾ അവരെക്കാൾ നന്നായി കേരളത്തിൽ പറയുന്നതും പ്രചരിപ്പിക്കുന്നതും സി.പി.എമ്മാണെന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.
ചരിത്രത്തിന്റെ നിർണായക സന്ധികളിലൊക്കെ ബി.ജെ.പിയുടെ കൂടെ നിൽക്കുകയും കിടക്കുകയും ചെയ്ത സി.പി.എമ്മിന് എങ്ങനെയാണ് അവരെ ഫാഷിസ്റ്റ് സർക്കാറെന്ന് വിളിക്കാൻ കഴിയുകയെന്നും സന്ദീപ് വാര്യർ ചോദിച്ചു. ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ഡി.എൻ.എ ഒന്നാണെന്നും അക്ഷരം തെറ്റാതെ അവരെ സി.ജെ.പി എന്ന് വിളിക്കാമെന്നും സന്ദീപ് വാര്യർ പരിഹസിച്ചു. സി.പി.എം-ആർ.എസ്.എസ് ബാന്ധവത്തെ കുറിച്ചും കുറിപ്പിൽ സന്ദീപ് വാര്യർ അക്കമിട്ട് നിരത്തുന്നുണ്ട്.
നവ ഫാഷിസ്റ്റ് പ്രവണതകൾ മാത്രമാണ് മോദി സർക്കാറിനുള്ളതെന്നും സി.പി.എം കേന്ദ്രകമ്മിറ്റി സംസ്ഥാന ഘടകങ്ങൾക്ക് അയച്ച രഹസ്യ രേഖയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തമിഴ്നാട്ടിലെ മധുരയിൽ ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായാണ് കരട് രാഷ്ട്രീയ പ്രമേയം തയാറാക്കിയത്. ഇതിൽ വ്യക്തത വരുത്തിയാണ് പുതിയ രഹസ്യ രേഖ അയച്ചത്. ആർ.എസ്.എസിന്റെ ഫാഷിസ്റ്റ് നയങ്ങൾ നടപ്പാക്കുന്നതിന് വേണ്ടിയുള്ളതാണ് മോദി സർക്കാർ എന്നായിരുന്നു കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ സി.പി.എമ്മിന്റെ നിലപാട്. അതാണ് മയപ്പെടുത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
1967 ൽ ജനസംഘത്തോടൊപ്പം ബീഹാറിൽ സർക്കാർ ഉണ്ടാക്കി . 1977 ൽ ആർഎസ്എസ് വോട്ട് നേടി ബംഗാളിൽ ആദ്യമായി ജ്യോതി ബസു സർക്കാർ നിലവിൽ വന്നു. 1977 ൽ ആർഎസ്എസ് വോട്ട് നേടി കൂത്തുപറമ്പിൽ നിന്നും പിണറായി വിജയൻ എംഎൽഎ ആയി. 1989 ൽ ബിജെപിയോടൊപ്പം ചേർന്ന് വി പി സിംഗ് സർക്കാരിന് കേന്ദ്രത്തിൽ രൂപം നൽകി. 2008ൽ ബിജെപിയോടൊപ്പം മൻമോഹൻസിംഗ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു.മോദി സർക്കാർ കൊണ്ടുവന്ന യുഎപിഎ അമെൻഡ്മെന്റ് ആക്ട് ആദ്യമായി നടപ്പാക്കിയത് പിണറായി വിജയൻ. ആർഎസ്എസിന്റെ നയവും രാഷ്ട്രീയവും അവരെക്കാൾ നന്നായി കേരളത്തിൽ പറയുന്നതും പ്രചരിപ്പിക്കുന്നതും സിപിഎം.ചരിത്രത്തിൻറെ നിർണായക സന്ധികളിലൊക്കെ ബിജെപിയുടെ കൂടെ നിൽക്കുകയും കിടക്കുകയും ഒക്കെ ചെയ്ത സിപിഎമ്മിന് എങ്ങനെയാണ് അവരെ ഫാസിസ്റ്റ് എന്ന് വിളിക്കാൻ കഴിയുക ? ബിജെപിയുടെയും സിപിഎമ്മിന്റെയും ഡിഎൻഎ ഒന്നാണ്. അതെ അവർ ഒന്നാണ്.അക്ഷരം തെറ്റാതെ അവരെ വിളിക്കാം സി.ജെ.പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.