തിരുവനന്തപുരം: മുൻ ഡി.ജി.പിയും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ആർ. ശ്രീലേഖയെ തിരുവനന്തപുരം കോർപറേഷനിലേക്ക് സ്ഥാനാർഥിയാക്കിയതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തിരുവനന്തപുരത്തെ ഹിന്ദു സംഘടന പ്രവർത്തകരോടാണ്, ആറ്റുകാൽ പൊങ്കാല കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷനെക്കൊണ്ട് കേസെടുപ്പിച്ച ആർ. ശ്രീലേഖക്ക് വേണ്ടിയാണോ നിങ്ങൾ പ്രവർത്തിക്കാൻ പോകുന്നത്? -എന്നാണ് സന്ദീപ് ഫേസ്ബുക്ക് ഫേസ്ബുക്കിൽ ചോദിച്ചത്.
2018ൽ, ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആർ. ശ്രീലേഖ രംഗത്തുവന്നിരുന്നു. കുത്തിയോട്ടം ആണ്‍കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്നായിരുന്നു ശ്രീലേഖ അഭിപ്രായപ്പെട്ടത്. കുട്ടികളുടെ അനുമതി പോലുമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്രഭാരവാഹികളും ചേർന്നു കുട്ടികളെ പീഡിപ്പിക്കുന്നത്. കുത്തിയോട്ടത്തെ ‘കുട്ടികളുടെ തടവറ’യെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം എന്നാണ് അന്ന് ജയില്‍മേധാവിയായിരുന്ന ശ്രീലേഖ സ്വകാര്യ ബ്ളോഗിലെ ലേഖനത്തില്‍ അഭിപ്രായപ്പെട്ടത്. നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുത്തിയോട്ടം. ഉത്സവത്തില്‍ നിന്ന് കുത്തിയോട്ടത്തെ ഒഴിവാക്കണം. ഇതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റുകാല്‍ വിശ്വാസിയായ താന്‍ ഇത്തവണ പൊങ്കാല അര്‍പ്പിക്കില്ലെന്നും ശ്രീലേഖ അന്ന് പറഞ്ഞിരുന്നു.
ആർ. ശ്രീലേഖ അടക്കം തിരുവനന്തപുരം കോർപറേഷനിലേക്ക് 67 അംഗ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് ബി.ജെ.പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, ഡി.സി.സി മുൻ ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ്, ഡി.വൈ.എഫ്.ഐ മുൻ നേതാവ് എസ്.എസ്. കാവ്യ എന്നിവരും ഉൾപ്പെടുന്ന പട്ടിക സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രഖ്യാപിച്ചത്. ആർ. ശ്രീലേഖ ശാസ്തമംഗലത്തും പത്മിനി തോമസ് പാളയത്തും വി.വി. രാജേഷ് കൊടുങ്ങാനൂരിലും തമ്പാനൂർ സതീഷ് തമ്പാനൂരിലും എസ്.എസ്. കാവ്യ കുന്നുകുഴി വാർഡിലുമാണ് ജനവിധി തേടുക. നിലവിലെ കൗൺസിലർമാരിലെ പ്രധാനികളിൽ മിക്കവരും പട്ടികയിൽ ഇടം പിടിച്ചു. ‘നമുക്കുവേണം വികസിത അനന്തപുരി; മാറാത്തത് ഇനി മാറും’ എന്ന മുദ്രാവാക്യമുയർത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മേയർ സ്ഥാനാർഥി ആരാണെന്നത് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ 35 കൗൺസിലർമാരാണ് കോർപറേഷനിൽ ബി.ജെ.പിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.