കോഴിക്കോട്: സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) കമ്മിറ്റികൾ ഒരുവർഷം പൂർത്തിയാക്കുന്ന മുറക്ക് കമ്മിറ്റികളുടെ കാര്യത്തിൽ പുനരാലോചന നടത്താൻ സമസ്ത മുശാവറ തീരുമാനം. മുശാവറ നിശ്ചയിച്ച സമിതിയുടെ ശിപാർശ അംഗീകരിച്ചാണ് സമസ്ത നേതൃത്വം ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
ഒരുവർഷം നിലവിലെ കമ്മിറ്റി പ്രവർത്തിക്കട്ടെയെന്നും എന്നാൽ, പ്രവർത്തനങ്ങളിൽ സമിതിയുടെ നിരീക്ഷണമുണ്ടാകണമെന്നും മുശാവറ യോഗം നിർദേശിച്ചു. സമിതിയുമായി കൂടിയാലോചിച്ചാവണം എസ്.എം.എഫിന്റെ പ്രവർത്തനങ്ങൾ. ഒരുവർഷം കഴിഞ്ഞാൽ ഭരണഘടന പ്രകാരം മാന്വൽ പരിഷ്കരിച്ച് അതുപ്രകാരം തെരഞ്ഞെടുപ്പ് നടത്തി കീഴ്ഘടകങ്ങൾ മുതൽ സംസ്ഥാനതലം വരെ പുതിയ കമ്മിറ്റി നിലവിൽവരുന്ന രീതിയിലാണ് ക്രമീകരണം ഉദ്ദേശിക്കുന്നതെന്ന് അറിയുന്നു.
എന്നാൽ, മൂന്നുവർഷം കാലാവധിയുള്ള കമ്മിറ്റി അഴിച്ചുപണിയാനുള്ള തീരുമാനം നിലവിലെ എസ്.എം.എഫ് നേതൃത്വം അംഗീകരിക്കില്ലെന്നാണ് സൂചന. ഭരണഘടനപ്രകാരം തെരഞ്ഞെടുപ്പ് നടത്തിയാണ് കമ്മിറ്റികൾ നിലവിൽവന്നതെന്നാണ് എസ്.എം.എഫ് നേതാക്കളുടെ വാദം. മുശാവറ നിശ്ചയിച്ച സമിതിക്കു മുന്നിലും സമസ്ത നേതൃത്വത്തിനു മുന്നിലും ഇക്കാര്യങ്ങൾ അവർ ബോധ്യപ്പെടുത്തുകയും ചെയ്തു. കാലാവധി തീരുന്നതിനുമുമ്പ് കമ്മിറ്റി പുനഃസംഘടിപ്പിക്കാൻ തുനിഞ്ഞാൽ അത് നിയമനടപടികളിലേക്ക് പോകാനാണ് സാധ്യത. എസ്.എം.എഫ് തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നേരത്തെ പരപ്പനങ്ങാടി മുൻസിഫ് കോടതിയിൽ നൽകിയ ഹരജി കോടതി തള്ളിയിരുന്നു.
എസ്.എം.എഫിന്റെ തെരഞ്ഞെടുപ്പ് ഭരണഘടന വിരുദ്ധമാണെന്നും കമ്മിറ്റികൾ പുനഃസംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഷയം പഠിക്കാൻ സമസ്ത മുശാവറ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉപസമിതി ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ടശേഷമാണ് ഒരുവർഷം കൂടി കമ്മിറ്റി തുടരാൻ ശിപാർശ ചെയ്തത്.
അച്ചടക്ക നടപടിയുടെ ഭാഗമായി മുശാവറയിൽനിന്ന് പുറത്താക്കപ്പെട്ട മുസ്തഫൽ ഫൈസിയുടെ വിഷയത്തിൽ അദ്ദേഹത്തോട് ഒരുതവണ കൂടി വിശദീകരണം നൽകാൻ ആവശ്യപ്പെടും. അദ്ദേഹത്തിന്റെ നിലപാട് അറിഞ്ഞശേഷം തുടർനടപടി സ്വീകരിക്കും. പട്ടിക്കാട് ജാമിഅ നൂരിയയിലെ അസ്ഗറലി ഫൈസിയുടെ വിഷയത്തിൽ അദ്ദേഹം സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി വ്യക്തത വരുത്താനും മുശാവറ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.