സലിംകുമാർ
ജീവിതത്തെ ചെറുപുഞ്ചിരിയോടെ നേരിട്ടയാൾ, രോഗം തന്നെ മരണത്തിന്റെ രൂപത്തിൽ പിൻതുടരുന്നുവെന്ന് തിരിച്ചറിഞ്ഞ ചിരിയുടെ സുൽത്താൻ. സലിംകുമാർ മുൻപ് തന്റെ ജന്മദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പ് ഇപ്പോൾ അദ്ദേഹത്തിന്റെ വിയോഗവാർത്തയ്ക്ക് പിന്നാലെ നൊമ്പരമായി മാറിയിരിക്കുകയാണ്. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞുവെന്നും തന്റെ ജീവിതമാകുന്ന വഞ്ചിയിൽ ദ്വാരങ്ങൾ വീണു തുടങ്ങിയെന്നും എഴുതിയ അദ്ദേഹത്തിന്റെ വരികൾ മരണത്തെ മുൻകൂട്ടി കണ്ടിരുന്നതായി വായനക്കാരനെ തോന്നിപ്പിക്കുന്നതാണ്.
സലിംകുമാറിന്റെ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ‘ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ്. ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം, അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റൂ. എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്. എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല എന്നാലും ഞാൻ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം. സ്നേഹപൂർവ്വം, നിങ്ങളുടെ സലിംകുമാർ.’
എന്നെങ്കിലും തന്നെ തേടിയെത്തുന്ന മരണത്തെക്കുറിച്ച് സലിംകുമാറിന് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്ന് അടിവരയിടുന്ന എഴുത്തായി മാറിയിരിക്കുകയാണീ കുറിപ്പ്. മരണം തന്നെ നിഴൽ പോലെ പിൻതുടർന്നുതുടങ്ങിയെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ ഏത് പരുക്കൻ കാര്യങ്ങളേയും ഹാസ്യം നിറഞ്ഞ രീതിയിൽ അവതരിപ്പിക്കുന്ന മലയാളത്തിന്റെ സ്വന്തം കലാകാരന് അത് ബോധ്യപ്പെട്ടിരുന്നുവെന്നതാണ് വസ്തുത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.