കെ.എസ്.ആർ.ടി.സിയിൽ ശമ്പള പരിഷ്കരണം: അടിസ്ഥാന ശമ്പളം 23,000 രൂപ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായി പരിഷ്‌കരിക്കും. 2022 ജനുവരി മുതല്‍ പുതിയ ശമ്പളം ലഭിച്ചുതുടങ്ങും. 2021 ജൂണ്‍ മുതല്‍ അഞ്ചുവർഷത്തേക്കാണ് ശമ്പള പരിഷ്കരണ കാലാവധി. ഡിസംബർ 31ന് കരാർ ഒപ്പുവെക്കും. അംഗീകൃത തൊഴിലാളി യൂനിയനുകളുമായി മന്ത്രി ആൻറണി രാജു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടിസ്ഥാനശമ്പളം 8730 രൂപയില്‍നിന്ന്​ 23,000 രൂപയായി വർധിക്കും. ഡി.എ 137 ശതമാനം പുതിയ ശമ്പളത്തിൽ ലയിപ്പിക്കും. പത്തുവർഷത്തിനുശേഷമാണ്​ കെ.എസ്​.ആർ.ടി.സിയിൽ ശമ്പള പരിഷ്​കരണം നടപ്പാക്കുന്നത്​.

ഫിറ്റ്മെൻറ്​ അലവന്‍സ് പത്ത്​ ശതമാനമായി നിലനിര്‍ത്തും. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്​ തസ്തികകളിൽ വനിത ജീവനക്കാര്‍ക്ക് ആറു​മാസം പ്രസവാവധിക്ക്​ പുറമെ 5000 രൂപ ചൈല്‍ഡ് കെയര്‍ അലവന്‍സോടെ ഒരുവര്‍ഷം ശൂന്യവേതനാവധി അനുവദിക്കും. ഈ അവധികാലം പ്രമോഷന്‍, ഇന്‍‌ക്രിമെൻറ്​, പെന്‍‌ഷന്‍ എന്നിവക്ക്​ പരിഗണിക്കും. ഘട്ടംഘട്ടമായി പ്രമോഷന്‍ അനുവദിക്കും. നിയമോപദേശം തേടിയശേഷം 12 ഡ്യൂട്ടി പാറ്റേൺ പരിഷ്കരിക്കും,

വീട്ടുവാടക ബത്ത നാല്​ ശതമാനം നിരക്കില്‍ കുറഞ്ഞത് 1200 രൂപ മുതല്‍ 5000 രൂപ വരെ വർധിപ്പിക്കും. ‍ഡി.സി.ആര്‍.ജി ഏഴു​ ലക്ഷത്തില്‍നിന്ന്​ 10 ലക്ഷമാക്കും. സി.വി.പി 20 ശതമാനം തുടരും. പ്രതിമാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് 50 രൂപയും 20ല്‍ കൂടുതല്‍ ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് 100 രൂപയും അധിക ബത്ത നല്‍കും. 500 കിലോമീറ്റര്‍ വരെയുള്ള ദീര്‍ഘദൂര സര്‍വിസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടറെ നിയോഗിക്കും.

അന്തര്‍സംസ്ഥാന ബസുകളില്‍ ക്രൂ ചെയിഞ്ച് നടപ്പാക്കും. ഡ്രൈവര്‍ കം കണ്ടക്ടര്‍, അക്കൗണ്ടിങ്​ വിഭാഗം എന്നീ പുതിയ കേഡര്‍ തസ്തികകൾ സൃഷ്​ടിക്കും. മെക്കാനിക്കല്‍ ജനറല്‍, മെക്കാനിക്കല്‍ ഓട്ടോ എന്നിങ്ങനെ മെക്കാനിക്കല്‍ വിഭാഗം പുനഃസംഘടിപ്പിക്കും. 45ന്​ മുകളിൽ പ്രായമുള്ള ജീവനക്കാര്‍ക്ക് 50 ശതമാനം ശമ്പളത്തോടുകൂടി അഞ്ച്​ വര്‍ഷം വരെ സര്‍വിസ് ആനുകൂല്യങ്ങള്‍ നിലനിര്‍ത്തി അവധി അനുവദിക്കും. പൊതുഅവധി 15 ആയും നിയന്ത്രിതാവധി നാലായും നിജപ്പെടുത്തും. പെന്‍ഷന്‍കാരുടെ സംഘടനകളുമായും സഹകരണ, ധന വകുപ്പുകളുമായും ചര്‍ച്ച നടത്തി മുഖ്യമന്ത്രിയുടെ അനുമതിയോടെ പെന്‍ഷന്‍ പരിഷ്കരണം തീരുമാനിക്കും.

എം പാനല്‍ ജീവനക്കാരുടെ കാര്യങ്ങള്‍ പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കും. സി.എം.ഡി ബിജുപ്രഭാകർ, തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Tags:    
News Summary - Salary Reform in KSRTC: The basic salary is Rs 23,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.