സജി ചെറിയാന്‍റെ രാജി ത്യാഗമായി കാണേണ്ടെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചത് ത്യാഗമായി കാണേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാജി നിയമപരമായ ബാധ്യതയാണ്. ധാർമികത ഉയർത്തിപ്പിടിച്ചെന്ന വാദം ശരിയല്ല. തെറ്റുപറ്റിയെന്ന് സജി ചെറിയാൻ പറഞ്ഞിട്ടില്ലെന്നുംക്രിമിനൽ കുറ്റമാണ് ചെയ്തതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

തിരുവല്ലയിൽ നടത്തിയ വിവാദ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്നാണ് സജി ചെറിയാൻ പറഞ്ഞത്. എം.എൽ.എ സ്ഥാനവും അദ്ദേഹം രാജിവെക്കുന്നതാണ് ഉചിതം. വിവാദത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. മൗനം തുടരുകയാണെങ്കിൽ പിണറായിക്കും ആർ.എസ്.എസ് നയമാണെന്ന് പറയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട സംഭവത്തിൽ എല്‍.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കേസടുക്കാത്ത നടപടി നീതികരിക്കാനാവില്ല. ഈ വിഷയത്തിൽ‍ നിയമനടപടി സ്വീകരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. 

സത്യപ്രതിജ്ഞാ ലംഘനം നടത്തിയാല്‍ തീരുമാനം എടുക്കേണ്ടത് ഗവര്‍ണറാണ്. സജി ചെറിയാനെതിരെ കേസെടുക്കാന്‍ തയാറായില്ലെങ്കില്‍ കോടതിയില്‍ പോകുമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. ഇന്നലെ കോടതി ഇടപെടലിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ പൊലീസ് തയാറായത്. അപ്പോള്‍ ഭരണഘടനാ ലംഘനത്തിന് പൊലീസ് എഫ്.ഐ.ആര്‍ ഇട്ട ഒരാള്‍ക്ക് എങ്ങനെ മന്ത്രിസഭയില്‍ തുടരാനാകും എന്ന ചോദ്യം ഉയരും.

മന്ത്രി രാജി വെച്ചില്ലെങ്കില്‍ ഹൈകോടതിയില്‍ പോകാനുള്ള വഴിയും തുറക്കും. അങ്ങനെ നിരവധി നിയമവഴികള്‍ ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. മുതിര്‍ന്ന അഭിഭാഷകരുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷം അഭിപ്രായ പ്രകടനം നടത്തിയത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പറഞ്ഞ ഒരു കാര്യവും പ്രതിപക്ഷത്തിന് പിന്‍വലിക്കേണ്ടി വന്നിട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Saji Cherian's resignation should not be seen as a sacrifice - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.