ഭരണഘടന നിന്ദ: എട്ടു മിനിറ്റിൽ നടപടി വെട്ടിച്ചുരുക്കി നിയമസഭയിൽനിന്ന് ഒളിച്ചോടി ഭരണപക്ഷം

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെ പ്രതിപക്ഷത്തിൽനിന്ന് 'രക്ഷിക്കാൻ' നിയമസഭ നടപടി വെട്ടിച്ചുരുക്കി സർക്കാർ ഒളിച്ചോടി. വെറും എട്ടു മിനിറ്റിൽ നടപടി വെട്ടിച്ചുരുക്കിയാണ് ഭരണപക്ഷം രംഗംവിട്ടത്.

ചോദ്യോത്തരവേളയിൽ നടുത്തളത്തിൽ ഇറങ്ങാതെ പ്രതിപക്ഷം മന്ത്രിയുടെ രാജിക്ക് മുറവിളി കൂട്ടിയപ്പോൾ, മുൻകൂട്ടി തയാറാക്കിയ തിരക്കഥ പോലെ ഭരണപക്ഷം സീറ്റ് വിട്ടിറങ്ങി മുൻനിരയിലെത്തി ബഹളം വെച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സർക്കാറിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കിയ വിഷയങ്ങളിൽ അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ ഭരണപക്ഷം തയാറായിരുന്നു. പക്ഷേ, ബുധനാഴ്ച മന്ത്രിയെ പ്രതിരോധിക്കാൻ വേണ്ടതൊന്നും ആവനാഴിയിലില്ലെന്ന് തിരിച്ചറിഞ്ഞ ഭരണപക്ഷത്തിനു മുന്നിൽ മറ്റ് വഴിയുണ്ടായിരുന്നില്ല. സർക്കാറിനെയും ഇടതു മുന്നണിയെയും അവമതിപ്പിലാക്കിയതിന്‍റെ കാരണഭൂതനായ മന്ത്രി സജി ചെറിയാൻ എല്ലാ കോലാഹലത്തിനും മൂകസാക്ഷിയായി സീറ്റിലിരുന്നു.

രാവിലെ ഒമ്പതിന് നടപടിയാരംഭിക്കുന്ന ബെൽ മുഴങ്ങിയ ശേഷമാണ് പ്രതിപക്ഷം സഭയിലേക്ക് വന്നത്. സ്പീക്കർ എം.ബി. രാജേഷ് എത്തി ചോദ്യോത്തരവേളയിൽ മറുപടിക്കായി ആരോഗ്യമന്ത്രിയെ ക്ഷണിച്ചയുടൻ പ്രതിപക്ഷം എഴുന്നേറ്റ് 'സജി ചെറിയാൻ രാജി വെക്കൂ; പുറത്തു പോകൂ' എന്ന് മുദ്രാവാക്യം മുഴക്കി. 'ഭരണഘടന മഹത്വവും പവിത്രതയും മന്ത്രിക്കറിയില്ല' എന്ന പ്ലക്കാർഡുകളും ഉയർത്തി.

എന്നാൽ, ഇത് ചോദ്യോത്തരവേളയല്ലേ, ബഹളം പാടില്ലെന്ന് സ്പീക്കർ പറഞ്ഞു. ഭരണഘടന ലംഘനം നടത്തിയ മന്ത്രി സജി ചെറിയാൻ സഭയിൽ ഹാജരായ സാഹചര്യത്തിൽ നടപടി നിർത്തിവെച്ച് അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

പ്രതിപക്ഷം സീറ്റുകളിൽനിന്ന് മുദ്രാവാക്യം വിളിച്ചപ്പോൾ ഭരണപക്ഷ അംഗങ്ങൾ തുടക്കം മുതലേ സീറ്റ് വിട്ടിറങ്ങി. നടപടി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കുന്നെന്ന് സ്പീക്കർ അറിയിച്ചു. ഇതോടെ, പ്രതിപക്ഷം സ്പീക്കറുടെ കസേരക്കു മുന്നിലേക്ക് മുദ്രാവാക്യവുമായെത്തി. ഇതിനിടെ, ധനാഭ്യർഥന ചർച്ച പാസാക്കി സഭ പിരിഞ്ഞു. മുദ്രാവാക്യം വിളിച്ച് പുറത്തേക്കുപോയ പ്രതിപക്ഷം സഭ കവാടത്തിൽ ധർണ നടത്തി നിയമസഭ വളപ്പിൽ ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമക്കു മുന്നിൽ ജയ് ഭീം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

Tags:    
News Summary - Saji cherian's remarks against Constitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.