ബിഷപ്പുമാർക്കെതിരായ പരാമർശം സജി ചെറിയാൻ പിൻവലിച്ചത് താൻ ഇടപെട്ടതിനാൽ -ജോസ് കെ. മാണി

കോട്ടയം: ഇടതു മുന്നണിയിൽ സഭാ വിഷയങ്ങളിൽ പ്രതികരിക്കാൻ ഒരു നിയന്ത്രണവുമില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. ബിഷപ്പുമാർക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പരാമർശത്തിൽ കേരള കോൺഗ്രസ് ഇടപെട്ടു. ഈ വിഷയം മുന്നണി നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. ഇടപെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സജി ചെറിയാൻ പരാമർശം പിൻവലിച്ചതെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

എൽ.ഡി.എഫിൽ കേരള കോൺഗ്രസ് എമ്മിന് അധിക സീറ്റിന് അർഹതയുണ്ട്. മൂന്ന് ലോക്സഭ സീറ്റുകൾ വരെ ലഭിക്കാൻ യോഗ്യതയുണ്ട്. അക്കാര്യം മുന്നണി നേതൃത്വത്തിന് അറിയാം. തീരുമാനമെടുക്കേണ്ടത് എൽ.ഡി.എഫ് ആണെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവസഭ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെയാണ്​ മന്ത്രി സജി ചെറിയാൻ രൂക്ഷ വിമര്‍ശനം നടത്തിയത്. ബി.ജെ.പി നേതാക്കൾ വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നാണ്​ സജി ചെറിയാന്‍ പറഞ്ഞത്.

മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നു. പോയ ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ലെന്നും അവർക്ക് അതൊരു വിഷയമായില്ലെന്നും പുന്നപ്ര വടക്ക് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യവെ സജി ചെറിയാന്‍ കുറ്റപ്പെടുത്തി.

പരാമർശം വിവാദമായതിന് പിന്നാലെ ചില പരാമർശങ്ങൾ പിൻവലിച്ച് സജി ചെറിയാൻ രംഗത്തെത്തി. പരാമർശത്തിലെ കേക്ക്, വൈൻ, രോമാഞ്ചം തുടങ്ങിയ പ്രയോഗങ്ങളാണ് സജി ചെറിയാൻ പിൻവലിച്ചത്. ചില പരാമർശങ്ങൾ പ്രയാസമുണ്ടാക്കിയെന്ന്​ താനുമായി അടുപ്പമുള്ള ക്രൈസ്തവ പുരോഹിതർ നേരിട്ടും അല്ലാതെയും അറിയിച്ചതിനെ തുടർന്നാണ് വിവാദ പദപ്രയോഗങ്ങൾ പിൻവലിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

​അത്​ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണ്. എന്നാൽ, പ്രധാനമന്ത്രി നൽകിയ വിരുന്നിൽ മണിപ്പൂർ കലാപത്തെക്കുറിച്ച് മേലധ്യക്ഷർ പ്രതികരിക്കേണ്ടതായിരുന്നുവെന്ന നിലപാടിൽ മാറ്റമില്ല. കിട്ടിയ അവസരം അവർ വിനിയോഗിച്ചില്ല. പുരോഹിതർ വിരുന്നിന് പോയതല്ല പ്രശ്നം. മറിച്ച് പറയേണ്ടത് പറയാത്തതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Saji Cherian withdraws remarks against bishops because he intervened -Jose K. Mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.