ഭരണഘടന അവഹേളനം : സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം - വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറയുകയും ഡോ. ബി.ആർ അംബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടന ശില്പികളെ അവഹേളിക്കുകയും ചെയ്ത സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

ജനാധിപത്യത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്ന ഭരണഘടനയിൽ വിശ്വാസമില്ലാത്ത ജനപ്രതിനിധികൾ അധികാര സ്ഥാനങ്ങളിൽ തുടരുന്നത് അപകടകരമാണ്. ഭരണഘടനയെ തള്ളിപ്പറഞ്ഞ സജി ചെറിയാനെ പുറത്താക്കുന്നതോടൊപ്പം വിശദമായ അന്വേഷണം നടത്തി യാഥാർഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ പിണറായി സർക്കാർ തയ്യാറാകണം.

രാജ്യത്ത് ഭരണഘടന അട്ടിമറിയിലൂടെ ജനാധിപത്യത്തെ തകർത്ത് ഏകാധിപത്യ ഭരണക്രമത്തിന് ശ്രമിക്കുന്ന ഹിന്ദുത്വ ഭീകരർക്ക് കരുത്ത് പകരുന്നതാണ് സജി ചെറിയാന്റെ പ്രസംഗം. ജനാധിപത്യപരമായ വിമർശനങ്ങൾക്ക് പകരം ഭരണഘടന ശില്പികളെ തന്നെ അപകീർത്തിപ്പെടുത്തുന്ന സമീപനം തികച്ചും പ്രതിഷേധാർഹമാണ്.

ഭരണഘടനയെ കുറിച്ച് സജി ചെറിയാൻ ഉന്നയിച്ച നിലപാടുകൾ തന്നെയാണോ ഇടതുപക്ഷത്തിന്റേത് എന്ന് പൊതുസമൂഹത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ വിശദമാക്കണം. രാജ്യത്തെ കൊള്ളയടിക്കാൻ കഴിയുന്ന തരത്തിലാണ് ഭരണഘടന നിർമാണമെന്ന പരാമർശത്തിന്റെ ഉദ്ദേശ്യം സജി ചെറിയാൻ വെളിപ്പെടുത്തണം. ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തതിനനുസരിച്ചാണ് ഭരണഘടന രൂപീകരണം നടന്നിട്ടുള്ളതെന്ന വിലയിരുത്തൽ തികച്ചും ഗുരുതരമാണ്.

മതേതരത്വം, ജനാധിപത്യം പോലുള്ള അടിസ്ഥാന കാഴ്ചപ്പാടുകളെ കളിയാക്കുന്ന നിലപാടാണ് സജി ചെറിയാൻ സ്വീകരിച്ചത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഇടതുപക്ഷ സർക്കാർ തയ്യാറായില്ലെങ്കിൽ വ്യത്യസ്ത പ്രക്ഷോഭ പരിപാടികൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Saji Cherian should be expelled from the Cabinet - Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.