ആലപ്പുഴ: മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ സജി ചെറിയാനെതിരെ പുതിയ പരാതി. ഹെൽമറ്റില്ലാതെ സ്കൂട്ടർ ഓടിച്ചതാണ് പുലിവാലായത്. പത്തനംതിട്ട നെടുമ്പ്രം സ്വദേശിയും അഭിഭാഷകനുമായ പി.ജി. ഗീവസർഗീസാണ് ചെങ്ങന്നൂർ പൊലീസിന് ഇ-മെയിലിൽ പരാതി അയച്ചത്. മന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം വ്യാഴാഴ്ച വൈകീട്ട് ചെങ്ങന്നൂർ കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാൻ, സ്കൂട്ടറിൽ പുറത്തേക്ക് പോയപ്പോഴാണ് ഹെൽമറ്റ് ധരിക്കാതിരുന്നത്. ഈ ചിത്രം മാധ്യമങ്ങളിൽ വന്നതോടെയാണ് പരാതിയായത്. എന്നാൽ, സജി ചെറിയാൻ എം.എൽ.എക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ചെങ്ങന്നൂർ എസ്.ഐ പറഞ്ഞു. പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചത്.
അതിനിടെ സജി ചെറിയാൻ സ്കൂട്ടറിൽ പോകുന്ന ചിത്രം വെള്ളിയാഴ്ച പത്രത്തിൽ അച്ചടിച്ചുവന്നത് ഷോൺ ജോർജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ''ഹെൽമറ്റ് എവിടെ സഖാവേ... പെറ്റി അടച്ചേ മതിയാവൂ... അല്ലെങ്കിൽ... ശേഷം കോടതിയിൽ'' അടിക്കുറിപ്പോടെയായിരുന്നു ഇത്. ഇതിനു പിന്നാലെ ഷോൺ ഹെൽമറ്റില്ലാതെ സ്കൂട്ടറില്‍ യാത്ര ചെയ്യുന്ന വിവിധ ഫോട്ടോകൾ കമന്റുകളായി പോസ്റ്റ് ചെയ്തതോടെ സജി ചെറിയാന്റെ യാത്ര ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.