കരിപ്പൂർ അപകടത്തിൽ മരണപ്പെട്ട സാഹിറയുടെയും കുഞ്ഞി​െൻറയും രേഖാചിത്രം

തിളക്കമായി എന്നുമുണ്ടാവും സാഹിറ; ആ മനുഷ്യരുടെ ജീവിതങ്ങളിൽ

ദുബൈ: പ്രവാസ ലോകത്തെയും മലയാള നാടിനെയും ഒരു​പോലെ നടുക്കിയ കരിപ്പൂർ വിമാന അപകടത്തിൽ ഏവരെയും കരയിപ്പിച്ച വേർപാടായിരുന്നു സാഹിറാ ബാനു എന്ന യുവതിയുടെയും പത്തുമാസം പ്രായമുള്ള കുഞ്ഞി​െൻറയും. എന്നാൽ മരണത്തിനിപ്പുറവും അവരുടെ ഓർമകളും നൻമകളും തിളക്കം മായാതെ നിലനിൽക്കുമെന്നുറപ്പ്​. അപകടത്തിൽപ്പെട്ടവരുടെ സാധനസാമഗ്രികൾ അധികൃതർ ​ കൈമാറിയപ്പോൾ അവ എന്തു ചെയ്യണമെന്നതിൽ സാഹിറയുടെ ബന്ധുക്കൾക്ക്​ സംശയമേതുമുണ്ടായിരുന്നില്ല.

യു.എ.ഇയിൽ നിന്ന്​ നാട്ടിലേക്കുള്ള അവസാന വിമാന യാത്ര സമയത്ത്​ സാഹിറ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ, ഭർത്താവ്​ നൽകിയ വിദേശ കറൻസി എന്നിവയെല്ലാം ഉൾപ്പെടുന്ന കവർ അവർ സമ്മാനിച്ചത്​ ദുരിത ജീവിതം നയിക്കുന്ന മനുഷ്യരുടെ വേദന അകറ്റുവാനുള്ള നിധിയിലേക്കാണ്​.

സാഹിറയുടെ പ്രിയതമനും യു.എ.ഇയിലെ സാമൂഹിക കൂട്ടായ്​മകളിലെ സജീവ സാന്നിധ്യവുമായ കോഴിക്കോട്​ വെള്ളിമാടുകുന്ന്​ സ്വദേശി നിജാസ്​ മക്കളായ ലഹാൻ മുഹമ്മദ്​, മറിയം, പിതാവ്​, സഹോദരൻ എന്നിവർക്കൊപ്പം പീപ്പിൾസ്​ ഫൗണ്ടേഷന്​ നേതൃത്വം വഹിക്കുന്ന ജമാഅത്തെ ഇസ്​ലാമി ഉപാധ്യക്ഷൻ പി. മുജീബ്​ റഹ്​മാനെ കണ്ട്​ ഈ നിധി കൈമാറി. ദരിദ്ര ജനസമൂഹങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു വരുന്ന വിഷൻ 2026 പദ്ധതിക്കു കീഴിലെ സംരംഭങ്ങൾക്കായി ഈ സംഭാവന ഉപയോഗപ്പെടുത്തുമെന്ന്​ മുജീബ്​ റഹ്​മാൻ വ്യക്​തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.