മലപ്പുറം: മുസ്ലിം ലീഗിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനത്തിന് മറുപടിയുമായി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. പിണറായിയുടെ ലീഗ് വിമർശനം ഭരണപരാജയം മറക്കാനെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. വെൽഫെയർ പാർട്ടി നേരത്തെ ഇടതുപക്ഷത്തിന ഒപ്പമായിരുന്നുവെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
നിലമ്പൂരിൽ ചിലരൊക്കെ ലൂസേഴ്സ് ഫൈനലിൽ ജയിക്കാൻ പറ്റുമോ എന്നാണ് നോക്കുന്നത്. ഫൈനലിൽ ജയിക്കാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും ഉണ്ടായ യു.ഡി.എഫ് ജയം നിലമ്പൂരിലും തുടരും. മലപ്പുറത്ത് നടക്കുന്ന തെരഞ്ഞെടുപ്പായതിനാൽ ഭൂരിപക്ഷം വർധിക്കും. യു.ഡി.എഫിന്‍റെയും ലീഗിന്‍റെയും അഭിമാന പോരാട്ടമാണിതെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് റാലിയിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയത്. മുസ്ലിം ലീഗ് നേതൃത്വം അറിയാതെ ജമാഅത്തെ ഇസ്‍ലാമിയുമായി ബന്ധം സ്ഥാപിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനം എടുക്കില്ലെന്ന് പിണറായി ആരോപിച്ചു.
രാഷ്ട്രീയ പോരാട്ടമായി കണ്ടതുകൊണ്ടാണ് എം. സ്വരാജിനെ മത്സരത്തിനിറക്കിയത്. ഏത് സ്ഥാനവും വഹിക്കാൻ യോഗ്യനാണ് സ്വരാജ്. എൽ.ഡി.എഫിന് പുറത്തുള്ള ആൾക്കാരും സ്വരാജിനെ സ്വാഗതം ചെയ്യുന്നു. സ്വാഭാവികമായും ഇത് വലിയ അങ്കലാപ്പ് യു.ഡി.എഫിൽ ഉണ്ടാക്കിയിട്ടുണ്ട്.
അവരുടെ നടപടികളും നിലപാടും കാണുമ്പോൾ അത് വ്യക്തമാണ്. പൊതുസമൂഹം മാറ്റിനിർത്തിയ ജമാഅത്തെ ഇസ്‍ലാമിയുമായി നാലു വോട്ടിനുവേണ്ടി യു.ഡി.എഫ് ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. ലീഗ് നേതൃത്വം അറിയാതെ കോൺഗ്രസ് നേതൃത്വം ഇത്തരമൊരു തീരുമാനം എടുക്കില്ല -പിണറായി വ്യക്തമാക്കി.
അതിനിടെ, പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. നിലമ്പൂരിൽ സി.പി.എം പച്ചക്ക് വർഗീയത പറയുന്നുവെന്നും സര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ പറഞ്ഞ് വോട്ട് തേടാന്‍ മുഖ്യമന്ത്രി തയാറുണ്ടോയെന്നും വി.ഡി. സതീശൻ പറഞ്ഞു.
വര്‍ഗീയത പറഞ്ഞ് തെരഞ്ഞെടുപ്പിന്‍റെ അജണ്ട മാറ്റാന്‍ മുഖ്യമന്ത്രിയും സി.പി.എമ്മും ശ്രമിക്കേണ്ട. സര്‍ക്കാറിനോട് ജനങ്ങള്‍ക്കുള്ള അതിശക്തമായ എതിര്‍പ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര‍്യാടൻ ഷൗക്കത്ത് ഉജ്ജ്വല ഭൂരിപക്ഷത്തില്‍ വിജയിക്കും. ഹിന്ദുമഹാസഭയെയും പി.ഡി.പിയെയും കെട്ടിപ്പിടിക്കുന്നവര്‍ യു.ഡി.എഫിനെ മതേതരത്വം പഠിപ്പിക്കാന്‍ വരേണ്ട. നിലമ്പൂരിലെ ജനങ്ങള്‍ സര്‍ക്കാറിനെ രാഷ്ട്രീയമായി വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
അതിശക്തമായ വെറുപ്പും എതിര്‍പ്പും ജനങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന് മനസ്സിലാക്കിയാണ് ഇപ്പോള്‍ ഫലസ്തീനുമായി എൽ.ഡി.എഫ് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലാണ് സി.എ.എയെക്കുറിച്ചും ഫലസ്തീനെക്കുറിച്ചും പറഞ്ഞത്. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ഫലസ്തീനെക്കുറിച്ച് മിണ്ടിയിട്ടില്ല. പതിറ്റാണ്ടുകളായി ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.
മോദി സര്‍ക്കാര്‍ വന്നതിനു ശേഷമാണ് കേന്ദ്രം ഇസ്രായേല്‍ അനുകൂല നിലപാടുകള്‍ എടുക്കാന്‍ തുടങ്ങിയത്. ഇസ്രായേല്‍ നിലപാടെടുക്കുന്ന ബി.ജെ.പിയുമായി ബാന്ധവത്തിലുള്ളവരാണ് കേരളത്തിലെ സി.പി.എം. സി.എ.എ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും കോടതിയില്‍ കയറിയിറങ്ങുകയാണ്. സര്‍ക്കാറിന്‍റെ ദുഷ്പ്രവൃത്തികളുടെ ഇരകള്‍ എല്ലാ വീടുകളിലുമുണ്ട്.
ജമാഅത്തെ ഇസ്‍ലാമിയുമായി കൂട്ടു കൂടുന്നെന്നാണ് മുഖ്യമന്ത്രി വെള്ളിയാഴ്ച യോഗത്തില്‍ പറഞ്ഞത്. വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപിച്ച പിന്തുണ യു.ഡി.എഫ് സ്വീകരിച്ചു. എന്നാല്‍, വര്‍ഗീയതയുമായി യു.ഡി.എഫ് സന്ധിചെയ്തുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എല്‍.ഡി.എഫിന് ജമാഅത്തെ ഇസ്‍ലാമിയും പി.ഡി.പിയും നല്‍കിയ പിന്തുണയെ സ്വാഗതംചെയ്യുന്നുവെന്നും അവര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നുമാണ് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ പിണറായി വിജയന്‍ പറഞ്ഞത്.
ജമാഅത്തെ ഇസ്‍ലാമിയുടെ പിന്തുണ ആവേശകരവും അഭിമാനകരവുമെന്നാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. കേരളത്തില്‍ ഒരു മുഖ്യമന്ത്രിയും ഇതുപോലെ മാറ്റിപ്പറഞ്ഞിട്ടില്ല. 2011ല്‍ ജമാഅത്ത് പിന്തുണ നേടി അധികാരത്തില്‍ വന്നവരാണ് ഇപ്പോള്‍ മാറ്റിപ്പറയുന്നതെന്നും സതീശൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.