കോഴിക്കോട്: സുന്നി ഐക്യം യാഥാർഥ്യമാകുന്നതിൽ എന്നും മുൻപന്തിയിലുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഐക്യ ചർച്ചകളിൽനിന്നും പാണക്കാട് കുടുംബത്തെയും സാദിഖലി തങ്ങളെയും മാറ്റി നിർത്തുന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ, ഞങ്ങൾ ഈ സമൂഹത്തിന്‍റെ ഭാഗമല്ലേ എന്ന് സാദിഖലി തങ്ങൾ ചോദിച്ചു. എല്ലാ നന്മകളോടൊപ്പവും നിൽക്കുന്നവരാണ് ഞങ്ങൾ. മാറി നിൽക്കില്ലെന്നും മാറ്റി നിർത്താൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
സുന്നി ഐക്യത്തിന് എതിരല്ലെന്ന് കോട്ടക്കലിൽ നടന്ന എ.പി വിഭാഗം സമസ്തയുടെ നൂറാം വാർഷിക വിളംബര സമ്മേളനത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ വ്യക്തമാക്കിയിരുന്നു. സമസ്തയിൽനിന്ന് പോയവർ തിരിച്ചുവരണമെന്ന് കാസർകോട് കുണിയയിൽ നടന്ന സമസ്ത ഇ.കെ വിഭാഗം നൂറാം വാർഷിക സമ്മേളനത്തിൽ പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു. ഇതേതുടർന്നാണ് സുന്നിഐക്യം വീണ്ടും ചർച്ചയായത്. വിഷയത്തിൽ കാന്തപുരം വിഭാഗത്തിന്‍റെ നിലപാട് എന്താകുമെന്ന് ഉറ്റുനോക്കിയ സന്ദർഭത്തിലാണ് കാന്തപുരം വിഭാഗവും തങ്ങളുടെ നയം വ്യക്തമാക്കിയത്.
മാത്രമല്ല, ജിഫ്രി തങ്ങൾ നടത്തിയ ഘർവാപസി പ്രയോഗത്തിന് കാന്തപുരം ഇന്നലെ മറുപടി നൽകുകയും ചെയ്തിരുന്നു. തങ്ങള്‍ സമസ്തയിൽ നിന്ന് പുറത്തുപോയതല്ലെന്നും സമസ്ത അന്ന് എടുത്ത ചില തീരുമാനങ്ങളിൽ വിയോജിച്ചാണ് ഇറങ്ങിപ്പോയതെന്നും, അന്ന് യോഗത്തിൽ നടന്നതൊന്നും ഇപ്പോൾ പുതിയ മെംബർഷിപ്പ് എടുത്ത് വന്നവർക്ക് അറിയില്ലെന്നും കാന്തപുരം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.