തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ഗുരുതരമല്ലാത്ത കേസുകളെല്ലാം പിൻവലിക്കാനൊരുങ്ങി സർക്കാർ. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഇതിന് നീക്കം ആരംഭിച്ചിരുന്നു. എന്നാൽ, അത്തരത്തിൽ പിൻവലിക്കാത്ത ഗുരുതര ക്രിമിനൽ സ്വഭാവമുള്ളവ ഒഴികെ മറ്റു കേസുകൾ പിൻവലിക്കാനാണ് യു.ഡി.എഫ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ വിഷയം മന്ത്രിസഭ യോഗം ചർച്ച ചെയ്തിട്ടില്ലെന്നും പരിശോധിച്ച്, പിൻവലിക്കാനാകുന്ന കേസുകൾ പിൻവലിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് വിരുദ്ധമായി യുവതീപ്രവേശനം അനുവദിക്കരുതെന്ന നിലപാടും സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിക്കുമെന്നാണ് വിവരം. ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ എൽ.ഡി.എഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിച്ച് വ്യക്തത വരുത്തുന്ന പുതിയ സത്യവാങ്മൂലം നൽകാനാകുമോയെന്ന് പരിശോധിക്കുമെന്ന് വിവരമുണ്ട്.
ശബരിമല പ്രതിഷേധങ്ങളുടെ പേരിൽ സംസ്ഥാനത്തൊട്ടാകെ 29,119 പേർക്കെതിരെ 2,624 കേസുകൾ രജിസ്റ്റർ ചെയ്തതായാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചത്. അതിൽ ഗുരുതരമല്ലാത്ത 1,047 കേസുകൾ പിൻവലിക്കാൻ നടപടി സ്വീകരിച്ചതായും വ്യക്തമാക്കിയിരുന്നു. എന്നാൽ, പല കേസുകളും കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ ഇവയുടെ തൽസ്ഥിതി പരിശോധിച്ച്, ക്രിമിനൽ സ്വഭാവമില്ലാത്തവ പരമാവധി പിൻവലിക്കാനാണ് സർക്കാർ നീക്കം.
ശബരിമലയിൽ പ്രായഭേദമന്യേ എല്ലാം സ്ത്രീകൾക്കും പ്രവേശിക്കാമെന്ന 2018 സെപ്റ്റംബറിലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ എൽ.ഡി.എഫ് സർക്കാർ നടത്തിയ ശ്രമങ്ങൾക്കെതിരെയാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധമുയർന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ കോടതിയാണ് തീർപ്പാക്കേണ്ടത്. മറ്റുള്ളവ ആഭ്യന്തര വകുപ്പ് പരിശോധിച്ച് സർക്കാറിന് ശിപാർശ നൽകും. സിവിൽ ആൻഡ് ക്രിമിനൽ ജസ്റ്റിസ് വിഷയങ്ങൾ മുഖ്യമന്ത്രിയുടെ അധികാര പരിധിയിലാണ്. അദ്ദേഹം കൂടി പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനമെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.