ശബരിമല യുവതീ പ്രവേശനം: സർക്കാർ സർവകക്ഷിയോഗം വിളിക്കും

തിരുവനന്തപുരം: വിവാദത്തിനും സംഘർഷത്തിനും വഴിവെച്ച ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർവകക്ഷിയോഗം വിളിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. നാളെ സുപ്രീംകോടതിയിലെ അപ്പീൽ ഹരജികളിലെ വിധിക്ക് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സുപ്രീംകോടതി വിധിക്ക് പിന്നാലെ യുവതീ പ്രവേശനം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആവശ്യം മുഖവിലക്കെടുത്താതെ സർക്കാർ യുവതീ പ്രവേശനവുമായി മുന്നോട്ടു പോവുകയായിരുന്നു.

ശബരിമല വിഷയം ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ സർവകക്ഷിയോഗം വിളിച്ചതിൽ സന്തോഷമുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ പറഞ്ഞു. വിഷയത്തിൽ പിടിവാശിയില്ലെന്ന് സർക്കാറും മുഖ്യമന്ത്രിയും വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമല കേസിൽ ദേവസ്വം ബോർഡിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്നതിൽ നിന്ന് മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം പിന്മാറിയതിന് പിന്നിൽ ചില സംഘടനകൾക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്ന് പത്മകുമാർ വ്യക്തമാക്കി. ബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ തന്നെ ഹാജരാകും.

പുനഃപരിശോധനാ ഹരജിയിലെ വിധി അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ശബരിമലയിൽ വിഷയങ്ങൾ ഉണ്ടാകില്ല. മറിച്ചാണെങ്കിൽ സർവകക്ഷിയോഗം വിളിച്ച് രമ്യതയിൽ പരിഹാരം കാണും. അയ്യപ്പൻ അവിടെയുണ്ടെന്നും എല്ലാം ശരിയാകുമെന്നും പത്മകുമാർ പറഞ്ഞു.

Tags:    
News Summary - Sabarimala Women Entry All Party Meeting -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.