കൊച്ചി: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഘർഷങ്ങളുടെയും അതിക്രമങ്ങളുടെയും പശ്ചാത്തലത്തിൽ സര്‍ക്കാര്‍ കൊണ്ടുവന്ന വാഹനനിയന്ത്രണം യുക്തിസഹമെന്ന് ഹൈകോടതി. ശബരിമലയിെല ക്രമസമാധാന പാലനത്തിനും നിയമവാഴ്ചക്കും മുൻഗണന നൽകുന്നതിെൻറ ഭാഗമായാണ് സർക്കാർ തീരുമാനം.ദർശനത്തിനെത്തുന്ന വിശ്വാസികളുടെ വാഹനങ്ങള്‍ പ്രാദേശിക പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം തെറ്റായ നടപടിയല്ലെന്നും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ശബരിമലയെ പ്രത്യേക സുരക്ഷ മേഖലയായി പ്രഖ്യാപിച്ച് വാഹന നിയന്ത്രണമടക്കം കൊണ്ടുവന്ന നിര്‍ദേശങ്ങൾ ചോദ്യം ചെയ്ത് ചേര്‍ത്തല സ്വദേശി കെ.എ. അഭിജിത്ത് നൽകിയ ഹരജിയിലാണ് കോടതിയുടെ പരാമർശമുണ്ടായത്. പ്രാദേശിക പൊലീസ് സ്‌റ്റേഷനുകളിൽനിന്ന് പാസ് നേടിയ വാഹനങ്ങളെ മാത്രമേ ശബരിമലയില്‍ പ്രവേശിപ്പിക്കൂയെന്ന സര്‍ക്കാര്‍ ഉത്തരവ് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നായിരുന്നു ഹരജിക്കാരെൻറ വാദം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കേരള പൊലീസ് ആക്ടിെൻറയും മോട്ടോര്‍വാഹന നിയമത്തിെൻറയും ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ തീരുമാനത്തില്‍ തെറ്റു കാണാനാവില്ല. അത് ഹരജിക്കാരെൻറ മൗലികാവകാശങ്ങളെ ഹനിക്കുന്നതായി കരുതുന്നില്ല. ശബരിമലയില്‍ മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ചിലർ തടയുകയാണ്. അത് നേരിടാനാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. തെറ്റായ കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കലും പൊതുതാല്‍പര്യം സംരക്ഷിക്കലുമാണ് കോടതിയുടെ കടമ. ശബരിമലയില്‍ പോവണമെന്ന് ആഗ്രഹമുള്ള ഹരജിക്കാരനടക്കമുള്ളവർ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കണം. പ്രവേശന പാസ് നല്‍കുന്നതിന് സമാനമായ രീതിയിൽ വാഹന പാസിെൻറ കാര്യവും കണ്ടാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹരജി പിൻവലിക്കാൻ ഹരജിക്കാരൻ താൽപര്യം അറിയിക്കുകയും കോടതി അനുവദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.