ശബരിമല: അഞ്ചുപേർ കൂടി പ്രതികളായേക്കുമെന്ന് എസ്.ഐ.ടി റിപ്പോർട്ട്

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ നിലവിൽ പ്രതികളായവർക്ക് പുറമെ അഞ്ച് പേർ കൂടി പ്രതികളാകാനുള്ള സാധ്യത സൂചിപ്പിച്ച് ഹൈകോടതിയിൽ സമർപ്പിച്ച എസ്.ഐ.ടി റിപ്പോർട്ട്. എസ്.ഐ.ടി മേധാവി എ.ഡി.ജി.പി എച്ച്. വെങ്കിടേഷ്, അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ, ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ എന്നിവർ നേരിട്ട് ഹാജരായാണ് അന്വേഷണ പുരോഗതിയും ഉടൻ സ്വീകരിക്കുന്ന നടപടികളും കോടതിയിൽ വിശദീകരിച്ചത്.

സ്വർണം പൂശിയ യഥാർഥ പാളികൾ മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും എസ്.ഐ.ടി അറിയിച്ചു. ക്ഷേത്ര സ്വത്ത് ഏൽപിച്ചിരിക്കുന്നവരുടെ സജീവമായ ഉപജാപവും പ്രോത്സാഹനവുമാണ് കൊള്ളക്ക് വഴിയൊരുക്കിയതെന്ന് ഹൈകോടതിയുടെ ദേവസ്വം ബെഞ്ച് വിലയിരുത്തി. ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി എസ്.ഐ.ടി തലവൻ ആവശ്യപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും സേവനവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഉറപ്പുവരുത്തണമെന്ന് നിർദേശിച്ചു.

പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എൻ.ആർ.ഐ സെൽ ഡിവൈ.എസ്.പി ശ്രീകാന്ത്, കോഴിക്കോട് റൂറൽ ചെമ്പോല പൊലീസ് സ്റ്റേ ഷൻ ഇൻസ്പെക്ടർ സേതുനാഥ് എന്നിവരെ എസ്.ഐ.ടിയെ സഹായിക്കാനായി സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത് കോടതി രേഖപ്പെടുത്തി. പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ, അഷ്ടദിക്പാലകരുടെ കാര്യത്തിലുള്ള അന്വേഷണം അനിവാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊടിമരം സംബന്ധിച്ച രേഖകളും ഫയലുകളും പരിശോധിക്കുന്നുണ്ട്.

വാസു വീണ്ടും റിമാന്‍ഡിൽ

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ദേവസ്വം ബോർഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച വാസുവിനെ വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയിരുന്നു. നേരത്തെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തത്.

തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയും ഇന്നലെ കോടതിയിലെത്തി. തന്ത്രിക്കായി എസ്.ഐ.ടി കസ്റ്റഡി അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് അപേക്ഷകളും കോടതി വ്യാഴാഴ്ച പരിഗണിക്കും. അതേസമയം, കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിജിലന്‍സ് കോടതി ചൊവ്വാഴ്ച വിധി പറയും.

വാതിലുകൾ പരിശോധിക്കും

കൊച്ചി: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലും പ്രഭാമണ്ഡലം പാളികളിലും പൊതിഞ്ഞിരിക്കുന്ന സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരിക്കുന്ന രണ്ടു വാതിലുകൾ ചൊവ്വാഴ്ച എസ്.ഐ.ടി പരിശോധിക്കും. ഹൈകോടതി ഇതിന് അനുമതി നൽകി.

Tags:    
News Summary - Sabarimala: SIT report says five more people may be accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.