തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ വീണ്ടും ദേവസ്വം ബോർഡിനെ പ്രതിരോധത്തിലാക്കി വീണ്ടും വെളിപ്പെടുത്തൽ. ദ്വാരപാലക ശിൽപങ്ങൾക്ക് പ്രത്യേകമായി ഒരു പീഠവും നിർമിച്ച് കൈമാറിയിരുന്നുവെന്ന് സ്പോൺസറായ ഉണ്ണിക്കൃഷ്ണൻ പോറ്റി വെളിപ്പെടുത്തി.
ആദ്യമുണ്ടായിരുന്ന പീഠങ്ങളുടെ നിറം മങ്ങിയപ്പോൾ മൂന്ന് പവൻ സ്വർണം ഉപയോഗിച്ച് പുതിയത് നിർമിച്ച് നൽകി. കോവിഡ് കാലമായതുകൊണ്ട് നേരിട്ട് പോകാതെ കൊടുത്തുവിടുകയായിരുന്നു. പിന്നാലെ, അളവിൽ ചില വ്യാത്യാസങ്ങളുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. വഴിപാടായി നൽകിയതായിരുന്നതുകൊണ്ട് തന്നെ പീഠം തിരികെ ചോദിച്ചില്ല. ഇത് സ്ട്രോങ് റൂമിൽ സൂക്ഷിക്കുമെന്നാണ് കരുതിയത്. എന്നാൽ, ഇത്തവണ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയപ്പോൾ പീഠത്തെ കുറിച്ച് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. നിലവിൽ പീഠം എവിടെയാണെന്ന് വ്യക്തമല്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ശ്രീകോവിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ ചെമ്പുപാളികൾ ഇലക്ട്രോ പ്ളേറ്റിംഗിന് എന്ന പേരിൽ ചെന്നൈയിലേക്ക് കൊണ്ടുപോയത്. എന്നാൽ, ഇതിനെതിരെ ഹരജി പരിഗണിച്ച ഹൈകോടതി നിരവധി സംശയങ്ങൾ ഉയർത്തിയിരുന്നു. 1999ൽ തന്നെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശിയിരുന്നു എന്നതിനു തെളിവുണ്ടെന്ന് രേഖകൾ ചൂണ്ടി കോടതി വ്യക്തമാക്കി.
2019ൽ സ്വർണം പൊതിയാനായി ബെംഗളൂരു സ്വദേശി ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭ്യർഥന പ്രകാരം ദ്വാരപാലക ശിൽപ്പങ്ങളിലെ ‘ചെമ്പ് തകിടുകൾ’ അഴിച്ചെടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോയി എന്ന് രേഖകളിലുണ്ട്. ഇതിന് പിന്നാലെയാണ് നിലവിൽ ഇവ വീണ്ടും സമാന ആവശ്യം കാണിച്ച് അഴിച്ച് കൊണ്ടുപോയിരിക്കുന്നത്. 1999ൽ തന്നെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൂശിയിരുന്നുവെങ്കിൽ പിന്നീട് 2019ൽ ഇതേ ആവശ്യത്തിനായി വീണ്ടും അഴിച്ചെടുത്തുവെന്ന കണ്ടെത്തലിൽ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, ശബരിമലയിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച പീഠം തിരികെ നൽകിയിട്ടില്ലെന്ന് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പദ്മകുമാർ വ്യക്തമാക്കി. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.