കാടിന്‍റെ സാഭ്വാവികത നിലനിർത്താൻ ശബരിമല റോപ് വേയുടെ രൂപരേഖ മാറ്റും

ശബരിമല: വനത്തിന്റെ വന്യത നഷ്ടമാകാത്ത തരത്തിൽ നിർദ്ദിഷ്ട ശബരിമല റോപ് വേയുടെ രൂപരേഖ മാറ്റും. പമ്പയിൽ നിന്നും സന്നിധാനത്തേക്കുളള റോപ് വേ പെരിയർ കടുവ സങ്കേതത്തിലൂടെയാണ് കടന്നുപോകുന്നത്. അതു കൊണ്ടുതന്നെ നിരവധി മരങ്ങൾ മുറിച്ച് നീക്കേണ്ടി വരും. ഇത് ഒഴിവാക്കി കാടിന്റെ സാഭ്വാവിക വന്യത നിലനിർത്താൻ വേണ്ടിയാണ് രൂപരേഖയിൽ മാറ്റം വരുത്തുന്നത്. കോടതിയുടെ അനുമതി ലഭിച്ചാൽ ഇതിനുള്ള നടപടി ഉടൻ തുടങ്ങും.

പമ്പ ഹിൽ ടോപ്പിൽ നിന്നും തുടങ്ങി സന്നിധാനത്ത് മാളികപ്പുറം ക്ഷേത്രത്തിന് പിന്നിൽ അവസാനിക്കുന്ന റോപ് വേക്ക് 2.8 കിലോമീറ്റർ ആകാശ ദൂരമാണുള്ളത്. അഞ്ച് പില്ലറുകളും റോപ് വേ തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തുമായി രണ്ട് സ്റ്റേഷനുകളും വരും. കോടതിയുടെ അനുമതി ലഭിച്ചാലുടൻ വനം വകുപ്പിന്റെ അംഗീകാരത്തിനായി പുതുക്കിയ രൂപരേഖ ദേവസ്വം ബോർഡ് സമർപ്പിക്കും.

പരിസ്ഥിതിക്ക് പരമാവധി ദോഷം ഉണ്ടാകാത്ത തരത്തിലാണ് പുതിയ രൂപരേഖ. ഇത് അനുസരിച്ച് ടവറുകൾക്ക് 40 മുതൽ 50 മീറ്റർ വരെ ഉയരും കൂടും. എമർജൻസി ആംബുലൻസ് സർവീസ് കൂടി ഇതിൽ ഉൾപ്പെടുത്തുന്നതോടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടും. ആറ് വർഷം മുമ്പ് ശബരിമല മാസ്റ്റർ പ്ലാനിൽ റോപ് വേ ഉൾപ്പെടുത്തിയിരുന്നു. മഹാപ്രളയവും കോവിഡുമൊക്ക പ്രതിസന്ധി സൃഷ്ടിച്ചതിനാൽ നടപടി ക്രമങ്ങൾ നീണ്ടു. പെരിയാർ കടുവ സങ്കേതമായതിനാൽ യന്ത്രസാമഗ്രികൾ പരമാവധി ഒഴിവാക്കിയായിരിക്കും നിർമാണ പ്രവർത്തനങ്ങൾ.

സന്നിധാനത്തേക്കുള്ള ചരക്ക് നീക്കത്തിന് ഇപ്പോൾ ട്രാക്ടറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും തീർഥാടകർക്ക് ബുദ്ധിമുട്ടുകളുമുണ്ട്. റോപ് വേ വന്നാൽ ട്രാക്ടറുകൾ പൂർണമായും ഒഴിവാക്കാൻ കഴിയും. പ്രാഥമിക സർവേ നടപടികൾ പൂർത്തിയായിട്ടുണ്ട്. 150 കോടി രുപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Sabarimala ropeway will be redesigned to maintain the naturalness of the forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.