ശബരിമലയിലേക്ക് ഭക്തജനപ്രവാഹം

ശബരിമല: തുലാം മാസത്തിലെ അവസാനദിനത്തില്‍ ശബരിമലയിലേക്ക് ഭക്തജന പ്രവാഹം. ചൊവ്വാഴ്ച രാവിലെ മുതല്‍ പമ്പയിലും പമ്പാഗണപതി ക്ഷേത്ര പരിസരത്തും വിരിവെച്ച് കാത്തിരുന്ന ആയിരക്കണക്കിനു തീര്‍ഥാടകര്‍ സന്നിധാനത്തേക്ക് പ്രവഹിച്ചു തുടങ്ങി. ചൊവ്വാഴ്ച വൈകുന്നേരം 6.50ന് പുതിയ ശബരിമല മേല്‍ശാന്തിയുടെ അവരോധന ചടങ്ങ് നടന്നു. തിരുനടക്ക് മുന്നിലിരുത്തി ഒറ്റക്കലശം പൂജിച്ച് അഭിഷേകം ചെയ്താണ് മേല്‍ശാന്തിയുടെ അവരോധന ചടങ്ങ് നടന്നത്. കലശം ആടിയശേഷം ശ്രീകോവിലിനുള്ളിലേക്ക് മേല്‍ശാന്തിയെ തന്ത്രി കൈപിടിച്ച് ആനയിച്ച് അയ്യപ്പന്‍െറ മൂലമന്ത്രം കാതില്‍ ഓതിക്കൊടുത്തു. ഇതിനുശേഷം മാളികപ്പുറം മേല്‍ശാന്തിയുടെ അവരോധന ചടങ്ങും മാളികപ്പുറം ക്ഷേത്രനടയില്‍ നടന്നു.

വൃശ്ചികം ഒന്നായ ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് തിരുനട തുറക്കും. പുതിയ മേല്‍ശാന്തിമാരാണ് നട തുറക്കുന്നത്. പുലര്‍ച്ചെ നടക്കുന്ന നെയ്യഭിഷേകത്തിനായി ആയിരങ്ങളാണ് നടപ്പന്തലിലും മറ്റുമായി കാത്തിരിക്കുന്നത്. നെയ്യ്തേങ്ങയും നിറച്ച് ഇവര്‍കൊണ്ടുവന്ന നെയ്യ് പാത്രങ്ങളില്‍ ശേഖരിച്ച് ക്ഷേത്രനടയില്‍ മണിക്കൂറുകള്‍ കാത്തുനിന്നാണ് നെയ്യ് അഭിഷേകത്തിനു നിവേദിക്കുന്നത്. രാത്രി 11ന് ഹരിവരാസനം പാടി ക്ഷേത്രനട അടക്കുന്നതുവരെ നിലക്കാത്ത ഭക്തജന പ്രവാഹമായിരുന്നു.

 

Tags:    
News Summary - sabarimala pooja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.