ശബരിമല: വിപുലമായ മുന്നൊരുക്കങ്ങളുമായി പന്തളം നഗരസഭ

പന്തളം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പന്തളം നഗരസഭ വിപുലമായ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതായി പന്തളത്ത് ചേര്‍ന്ന അവലോകന യോഗത്തില്‍ നഗരസഭാ അധികൃതര്‍ പ്രഖ്യാപിച്ചു. തീര്‍ഥാടകര്‍ക്കായി നഗരസഭയുടെ നേതൃത്വത്തില്‍ നിലവിലുള്ള വഴിവിളക്കുകള്‍ക്ക് പുറമെ 200 പുതിയ വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പണികള്‍ പൂര്‍ത്തിയാകുന്നതായി പന്തളം നഗരസഭ അവലോകന യോഗത്തില്‍ അറിയിച്ചു.

ഇത്തവണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 16 തൊഴിലാളികള്‍ ഉണ്ടാവും.  നാല് തൊഴിലാളികളെ കൂടുതല്‍ നിയോഗിച്ചിട്ടുണ്ട്. പന്തളം ജങ്ഷനിലും പരിസരപ്രദേശങ്ങളിലും തീര്‍ഥാടകര്‍ക്കായി ദിശാബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. പി.ഡബ്ള്യു.ഡിയുടെ ബോര്‍ഡുകള്‍ക്ക് പുറമെയാണിത്. മാലിന്യനിര്‍മാര്‍ജനത്തിന് സീസണില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. തീര്‍ഥാടക സേവനത്തിനത്തെുന്ന ജീവനക്കാര്‍ക്കുള്ള താമസസൗകര്യവും അവര്‍ക്കുള്ള ആഹാരവും നഗരസഭ ഒരുക്കും. കുടിവെള്ളം സംഭരിക്കുന്നതിനും ടാപ്പുകള്‍ സ്ഥാപിക്കുന്നതിനും നടപടികളായി.

പന്തളം വലിയകോയിക്കല്‍ കുളിക്കടവില്‍ മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡും സ്ഥാപിച്ചു. കച്ചവടസ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് അവര്‍ എത്തിയാലുടനെ ഐഡന്‍ഡിറ്റി കാര്‍ഡുകള്‍ നല്‍കും. പി.ഡബ്ള്യു.ഡി റോഡുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണിയും  പൂര്‍ത്തായാകുന്നതായി യോഗം ഉദ്ഘാടനംചെയ്ത ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അറിയിച്ചു. കുറുന്തോട്ടയം പാലത്തിന്‍െറ സ്ളാബുകളുടെ വാര്‍പ്പ് 16ന് നടക്കുമെന്നും തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ക്കും സേവനത്തിനുള്ള ജീവനക്കാരുടെ ആവശ്യങ്ങളും തീര്‍ഥാടനകാലത്ത് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും എം.എല്‍.എ പറഞ്ഞു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നല്‍കുമെന്ന് പന്തളം കൊട്ടാര നിര്‍വാഹക സംഘം പ്രസിഡന്‍റ് പി.ജി. ശശികുമാര്‍ വര്‍മ പറഞ്ഞു. ഇക്കുറി രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ പമ്പക്ക് സര്‍വിസ് നടത്തും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ സേവനത്തിനായി രണ്ട് ഡോക്ടര്‍മാരെ നിയോഗിച്ചു. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ട് വരെയും രണ്ടു മുതല്‍ രാത്രി എട്ട് വരെയും സേവനം ലഭിക്കും. കഴിഞ്ഞ വര്‍ഷം രാത്രിയില്‍ സേവനം ഉണ്ടായിരുന്നില്ല.

150 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചു. ഇവര്‍ മൂന്ന് ടേണായി ജോലിചെയ്യും. തുമ്പമണ്‍, കുളനട, മുട്ടാര്‍, പന്തളം ജങ്ഷന്‍, മണികണ്ഠന്‍ ആല്‍ത്തറ എന്നിവിടങ്ങളില്‍ 24മണിക്കൂറും പൊലീസ് സേവനം ഉണ്ടാകും. പന്തളത്ത് ടോയ്ലറ്റുകളുടെ ലേലം ഒഴിച്ചുള്ള മുഴുവന്‍ സംവിധാനങ്ങളും ദേവസ്വം ബോര്‍ഡ് പൂര്‍ത്തിയാക്കിയതായി അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ മധു പറഞ്ഞു. ഫയര്‍ഫോഴ്സിന്‍െറ പ്രവര്‍ത്തനത്തിനായി വാഹനങ്ങളും ജീവനക്കാരും എത്തിക്കഴിഞ്ഞതായി ഫയര്‍ ആന്‍ഡ് റസ്ക്യൂ അധികൃതരും വൈദ്യുതി ലൈനുകളുടെയും ട്രാന്‍സ്ഫോമറുകളുടെയും അറ്റകുറ്റപ്പണി പൂര്‍ത്തായാക്കിയതായി കെ.എസ്.ഇ.ബി അധികൃതരും അറിയിച്ചു.

വാട്ടര്‍ അതോറിറ്റി പുതിയ ടാപ്പുകള്‍ സ്ഥാപിച്ച് കുടിവെള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കി. യോഗം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭ ചെയര്‍പേഴ്സന്‍ ടി.കെ. സതി അധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍മാന്‍ ഡി. രവീന്ദ്രന്‍, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയ്ര്‍പേഴ്സന്മാരായ രാധാരാമചന്ദ്രന്‍, എ. രാമന്‍, ആര്‍. ജയന്‍, ലസിത നായര്‍, ആനി ജോണ്‍ തുണ്ടില്‍, കെ.ആര്‍. രവി, പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്‍റ് പി.ജി. ശശികുമാര്‍ വര്‍മ, ദേവസ്വം എ.ഒ. മധു, പന്തളം സി.ഐ. സുരേഷ്, നഗരസഭ സെക്രട്ടറി എം. വിജയന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - sabarimala pandalam municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.