ശബരിമല: 41ദിവസം നീളുന്ന കഠിനവ്രതാനുഷ്ഠാനങ്ങൾക്ക് പരിസമാപ്തി കുറിച്ച് ശബരിമലയിൽ 27ന് മണ്ഡലപൂജ നടക്കും. 27ന് രാവിലെ 10.30നും 11.30നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്. മണ്ഡലപൂജ വേളയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താൻ ശ്രീചിത്തിരതിരുനാൾ മഹാരാജാവ് നടക്കുവെച്ച തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര 23ന് രാവിലെ ഏഴിന് ആറന്മുള ശ്രീ പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. 26ന് ഉച്ചക്ക് ഒന്നിന് ഘോഷയാത്ര പമ്പയിൽ എത്തും. വൈകീട്ട് മൂന്നുവരെ ഗണപതി ക്ഷേത്രത്തിൽ ഭക്തർക്ക് തങ്കയങ്കി ദർശിക്കാനുള്ള സൗകര്യം ഉണ്ടാകും. 3.15ന് പമ്പയിൽ നിന്ന് പുറപ്പെട്ട് 5.50ന് ശരംകുത്തിയിലെത്തുന്ന തങ്കയങ്കി ഘോഷയാത്രയെ ദേവസ്വം ഉദ്യോഗസ്ഥർ സ്വീകരിച്ച് സന്നിധാനത്തേക്കാനയിക്കും.
6.15ന് പതിനെട്ടാം പടിക്ക് മുകളിൽ കൊടിമരച്ചുവട്ടിൽ തിരുവിതാംകൂ ർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ, സ്പെഷൽ കമീഷണർ മനോജ്, ദേവസ്വം കമീഷണർ സി.എൻ. രാമൻ, ചീഫ് എൻജിനീയർ അജിത് കുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി സോപാനത്തേക്കാനയിക്കും. അവിടെ തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി പി.എൻ. മഹേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി ഭഗവാന് ചാർത്തി ദീപാരാധന നടത്തും. 27ന് രാത്രി 10ന് ഹരിവരാസനം പാടി നടയടയ്ക്കുന്നതോടെ മണ്ഡലകാല തീർഥാടനത്തിന് സമാപനമാകും. തുടർന്ന്, മകരവിളക്ക് ഉത്സവത്തിന് 30ന് വൈകീട്ട് അഞ്ചിന് നട വീണ്ടും തുറക്കും.
ശബരിമല: ശബരീശദർശനത്തിനെത്തുന്ന കുട്ടികൾക്കായി പ്രത്യേക ദർശന സൗകര്യം ഒരുങ്ങുന്നു. അടുത്ത ദിവസം മുതൽ ഈ സംവിധാനം നടപ്പാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ശ്രീകോവിലിനടുത്ത് പ്രത്യേക ഗേറ്റ് സ്ഥാപിച്ച് കുട്ടികളെയും അവർക്കൊപ്പമുള്ള ഒരു രക്ഷാകർത്താവിനെയും കടത്തിവിടും. ആകെ ഒമ്പത് വരികളാണ് നടപ്പന്തലിൽ ഉള്ളത്. ഇതിൽ ഒമ്പതാം വരി കുട്ടികൾക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമാണ്. വരിയിലൂടെ എത്തുന്ന കുട്ടികളെ പൊലീസിന്റെ സഹായത്തോടെ സുഗമമായി പതിനെട്ടാം പടി കയറ്റിയശേഷം ശ്രീകോവിലിനടുത്ത് സ്ഥാപിക്കുന്ന പ്രത്യേക ഗേറ്റ് വഴി ദർശനം സാധ്യമാക്കുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
പറവൂർ: സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്തു. ഹിന്ദു ഐക്യവേദി പ്രവർത്തകനാണെന്ന് കരുതുന്ന, പറവൂർ മുനിസിപ്പൽ ടൗൺഹാളിന് സമീപം അമ്പാട്ട്കാവ് വീട്ടിൽ സുമൻ (53) എന്നയാൾക്കെതിരെയാണ് പറവൂർ പൊലീസ് കേസെടുത്തത്. ശബരിമല അയ്യപ്പഭക്തരെ പൊലീസ് മർദിക്കുന്നുവെന്ന വ്യാജ വാർത്തയാണ് ഇയാൾ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. താൻ ഹിന്ദു ഐക്യവേദി പ്രവർത്തകനാണെന്നാണ് ഇയാൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.