സുരേന്ദ്രൻ പറഞ്ഞതെല്ലാം കള്ളമെന്ന്​ കടകംപള്ളി; ഇരുമുടിക്കെട്ട്​ താഴെയിടുന്ന ദൃശ്യങ്ങൾ പുറത്ത്​ VIDEO

തിരുവനന്തപുരം: അറസ്റ്റിലായ ബി.ജെ.പി നേതാവ്​ കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞതെല്ലാം കള്ളമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇരുമുടിക്കെട്ട് സുരേന്ദ്രൻ സ്വയം താഴെയിട്ടതാണ്. പൊലീസ് കെട്ടിൽ ചവിട്ടിയിട്ടില്ല. പൊലീസ് സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങൾ അതിന് തെളിവാണെന്നും കടകംപള്ളി വ്യക്തമാക്കി.

കെ.സുരേന്ദ്രൻ ത​​​െൻറ ചുമലിൽ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂർവ്വം രണ്ടുതവണ താഴെയിടുന്നത് ചിറ്റാർ പോലീസ് സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്. സുരേന്ദ്ര​​​െൻറ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്.പി രണ്ടുതവണയും ഇത് തിരിച്ചെടുത്ത് ചുമലിൽ വച്ച് കൊടുക്കുന്നുണ്ടെന്നും ദേവസ്വം മന്ത്രി ഫേസ്​ബുക്ക്​ പോസ്റ്റിൽ പറഞ്ഞു. ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത്. പരിപാവനമായി എല്ലാവരും കാണുന്ന ഒന്നാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുറത്ത് തന്നെ കാത്ത് നിൽക്കുന്ന മാധ്യമങ്ങൾക്കും ബി.ജെ.പി പ്രവർത്തകർക്കും മുന്നിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞ്​ തന്നെ പോലീസ് മർദിച്ചുവെന്ന്​ കാണിക്കാൻ സ്വന്തം ഷർട്ട് വലിച്ച് കീറുകയും ചെയ്തു. കെ.സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി ശബരിമലയിൽ വന്നത് സ്വാമി അയ്യപ്പനെ ദർശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതാണെന്നും അദ്ദേഹം വ്യക്​തമാക്കി.

അറസ്റ്റിലായ കെ. സുരേന്ദ്രന് പൊലീസ് സ്റ്റേഷനിൽ എല്ലാ സൗകര്യവും ഒരുക്കിയിരുന്നു. കിടക്കാൻ ബെഞ്ചിൽ സൗകര്യമൊരുക്കി. വെള്ളവും ഭക്ഷണവും നൽകുകയും മരുന്നു കഴിക്കാനുള്ള സൗകര്യമൊരുക്കിയതായും കടകംപള്ളി അറിയിച്ചു.

അമ്മ മരിച്ച് ഒരു വർഷമാകും മുമ്പാണ് കെ. സുരേന്ദ്രൻ മല ചവിട്ടിയത്. അമ്മ മരിച്ചാൽ സാധാരണ വിശ്വാസികൾ ഒരു വർഷം കഴിയാതെ ശബരിമലയിലെത്തില്ല. ഈ ആചാരം തെറ്റിച്ച് സന്നിധാനത്തെത്തിയ ആളാണ് വിശ്വാസത്തെ കുറിച്ച് പറയുന്നത്. ഇവരുടെ നാടകങ്ങൾ വിശ്വാസത്തിന്‍റെ പേരിലല്ലെന്നും വോട്ടിന് വേണ്ടിയാണെന്നും മന്ത്രി ആരോപിച്ചു.

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിന് വ്രതം 15 ദിവസമാക്കണമെന്നും രഹ്​ന ഫാത്തിമയെ ടാഗ് ചെയ്ത്​ ഫേസ്‌ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രൻ തന്നെയാണല്ലോ ഇപ്പോൾ ശബരിമലയെ കലാപകേന്ദ്രമാക്കാൻ തുനിഞ്ഞിറങ്ങിയതും. വേഷംകെട്ടലുകളുമായി ഇത്തരക്കാർ ശബരിമലയിൽ വരുന്നതാണ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

Full View
Tags:    
News Summary - Sabarimala Kadakampally Surendran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.