കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ ആറാംപ്രതിയും മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുമായ എസ്. ശ്രീകുമാർ മുൻകൂർജാമ്യം തേടി ഹൈകോടതിയിൽ. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി ചെയ്ത പ്രവർത്തിയുടെ പേരിലാണ് കേസെടുത്തിട്ടുള്ളതെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ചെമ്പഴന്തി സ്വദേശിയായ ശ്രീകുമാറിന്റെ ഹരജി.
അറസ്റ്റ് തടയണമെന്ന ആവശ്യം അനുവദിക്കാതിരുന്ന ജസ്റ്റിസ് കെ. ബാബു ഹരജിയിൽ സർക്കാറിന്റെ വിശദീകരണം തേടി. ഹരജി വീണ്ടും ഡിസംബർ ഒന്നിന് പരിഗണിക്കും.
2019 ജൂലൈ 19, 20 തീയതികളിലായി ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഇളക്കിനീക്കിയിരുന്നു. തുടർന്ന് ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിട്ടതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പുവെച്ച ഉദ്യോഗസ്ഥരിൽ ഒരാളെന്ന നിലയിലാണ് ശ്രീകുമാറിനെ പ്രതിചേർത്തത്. സ്വർണപ്പാളികൾ തിരിച്ചെത്തിച്ചപ്പോൾ തൂക്കംനോക്കാതെ പുനഃസ്ഥാപിച്ചെന്ന് വ്യക്തമാക്കുന്ന രണ്ടാം മഹസറിലും ഹരജിക്കാരന്റെ ഒപ്പുണ്ട്.
എന്നാൽ, മേലുദ്യോഗസ്ഥരുടെയും മുൻഗാമിയായിരുന്ന രണ്ടാംപ്രതി മുരാരി ബാബുവിന്റെയും നിർദേശപ്രകാരം മഹസർ സാക്ഷിയായി ഒപ്പിടുകയായിരുന്നുവെന്നും മറ്റ് ഉദ്ദേശ്യങ്ങൾ ഇല്ലായിരുന്നുവെന്നുമാണ് ഹരജിക്കാരന്റെ വാദം. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ല കോടതി മുൻകൂർജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിച്ചത്.
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നടത്താൻ എഫ്.ഐ.ആറിന്റെ പകർപ്പ് കൈമാറണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹരജി ഹൈകോടതി ദേവസ്വം ബെഞ്ചിന് വിട്ടു. സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം നടക്കുന്നത് ദേവസ്വം ബെഞ്ചിന്റെ മേൽനോട്ടത്തിലാണെന്നതിനാൽ ഈ കേസും ആ ബെഞ്ച് പരിഗണിക്കുന്നതാണ് ഉചിതമെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇതിനായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാൻ രജിസ്ട്രിയോട് നിർദേശിച്ച് ഹരജി മാറ്റിയത്.
കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ മുദ്രവെച്ച പകർപ്പ് ആവശ്യപ്പെട്ടാണ് ഇ.ഡിയുടെ ഹരജി. റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ഈ ആവശ്യമുന്നയിച്ച് നൽകിയ ഹരജി തള്ളിയിരുന്നു. അന്വേഷണം ഹൈകോടതിയുടെ മേൽനോട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് കോടതി ആവശ്യം തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.