ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക ശിൽപപാളിക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; എന്നാൽ ജയിൽ മോചനമില്ല

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശിൽപത്തിലെ സ്വർണം മോഷ്ടിച്ച കേസിലാണ് ജാമ്യം ലഭിച്ചത്. കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. 90 ദിവസത്തിനുള്ളിൽ കേസിൽ എന്തുകൊണ്ട് കുറ്റപത്രം സമർപ്പിച്ചില്ല എന്ന് കോടതി അന്വേഷണ സംഘത്തോട് ചോദിക്കുകയും ചെയ്തു.

അതേസമയം, കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിൽ പ്രതിയായതിനാൽ ജയിലിൽ നിന്ന് മോചിതനാകാൻ കഴിയില്ല. എന്നാൽ മൂന്നാഴ്ചക്കകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ഈ കേസിലും പോറ്റിക്ക് ജാമ്യം ലഭിച്ചേക്കും.

സ്വർണകൊള്ള കേസിലെ ഒന്നാംപ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. കേസിൽ 2025 ഒക്ടോബർ 17നാണ് പോറ്റിയെ അറസ്റ്റ് ചെയ്തത്. ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം വിറ്റ് പണമാക്കിയെന്ന് പോറ്റി സമ്മതിച്ചിരുന്നു.

ഗൂഢാലോചനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതരടക്കം 15ഓളം പേരുണ്ടെന്നും വെളിപ്പെടുത്തൽ. ഇതോടെ ശബരിമലയിൽ നടന്നത് വൻ ഗൂഢാലോചനയും സംഘടിത മോഷണവുമാണെന്ന് തെളിയുകയാണ്.

ഉണ്ണികൃഷ്ണൻ പോറ്റി സ്വർണക്കൊള്ള നടത്തിയത് രാഷ്ട്രീയ നേതാക്കളുൾപ്പെടെയുള്ളവരുമായുള്ള ബന്ധം മറയാക്കിയാണ്. ദ്വാരപാലക ശിൽപപാളിയിലെയും ശ്രീകോവിൽ വാതിലിന്‍റെ കട്ടിളപ്പടിയിലെയും സ്വർണം കവർന്നത് രണ്ട് കേസുകളായാണ് രജിസ്റ്റർ ചെയ്തത്. നിലവിൽ രണ്ടുകേസുകളിലുംകൂടി 13 പ്രതികളാണുള്ളത്. ഇവർക്ക് പുറമെ മറ്റ് ചിലരുടെയും പേരുകൾ അന്വേഷണ സംഘത്തോട് പോറ്റി പങ്കുവെച്ചു. സ്പോൺസർമാരിൽനിന്ന് ലഭിച്ച സ്വർണം പണമാക്കി ഭൂമി ഇടപാടുകൾക്ക് ഉപയോഗിച്ചെന്നും മൊഴി നൽകി.

അഞ്ചുപേരടങ്ങുന്ന സംഘം തന്നെ കവര്‍ച്ച നടത്താൻ ഉപയോഗിക്കുകയായിരുന്നെന്നും താൻ ഇടനിലക്കാരൻ മാത്രമാണെന്നും പോറ്റി മൊഴി നൽകി. ബംഗളൂരുവിലും ഹൈദരാബാദിലും ചെന്നൈയിലുമാണ് കൊള്ളയുടെ ഗൂഢാലോചനയും ആസൂത്രണവും നടന്നത്. അവിടെനിന്ന് ലഭിച്ച നിർദേശപ്രകാരമാണ് ദേവസ്വം ഉദ്യോഗസ്ഥരും പ്രവർത്തിച്ചത്. ഉദ്യോഗസ്ഥരെ കുരുക്കുന്നതാണ് ഈ മൊഴി.പോറ്റി സ്പോൺസറായി അപേക്ഷ നൽകിയതുമുതൽ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം. സ്വർണം ചെമ്പായതുൾപ്പെടെ ഗൂഢാലോചനയുടെ ഭാഗമായാണ്. തട്ടിയെടുത്ത സ്വർണം പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കൂടുതൽ സ്വർണം തട്ടിയെടുക്കാനായിരുന്നു പദ്ധതി.

Tags:    
News Summary - Sabarimala gold theft case: Unnikrishnan Potty granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.