ശബരിമല സ്വർണക്കൊള്ള: സന്നിധാനത്തെ 10 മണിക്കൂർ നീണ്ട പരിശോധന പൂർത്തിയായി; സ്വർണപാളികൾ തിരികെ സ്ഥാപിച്ചു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ സന്നിധാനത്തെ പരിശോധന പൂർത്തിയായി. 10 മണിക്കൂർ നീണ്ട പരിശോധന ചൊവ്വാഴ്ച പുലർച്ചയാണ് പൂർത്തിയായത്. തുടർന്ന്​ ശ്രീകോവിലിൽ നിന്ന് അഴിച്ചെടുത്ത പാളികൾ തിരികെ സ്ഥാപിച്ചു.

കട്ടിളപ്പാളികളിൽ നിന്നും ശ്രീകോവിലിനു ചുറ്റുമുള്ള സ്വർണം പൂശിയ പാളികളില്‍നി ന്നും സംഘം സാമ്പിളുകൾ ശേഖരിച്ചു. ഇത്​ കാലപ്പഴക്കം കണക്കാക്കാനായി വിശദ പരിശോധനക്ക്​ നൽകും. ഇതിന്‍റെ ഫലമടക്കം പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ പ്രത്യേക സംഘം ഹൈകോടതിയെ അറിയിക്കും.

അതേസമയം, ശബരിമല സ്വർണക്കവർച്ച കേസിൽ നാലാംപ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ്​ വിലക്ക്​ ഹൈകോടതി നവംബർ 25 വരെ നീട്ടി. വിശദീകരണം നൽകാൻ സർക്കാറിന്​ സമയം അനുവദിച്ച്​ ജയശ്രീയുടെ മുൻകൂർ ജാമ്യഹരജി 25ന്​ പരിഗണിക്കാൻ മാറ്റിയ സാഹചര്യത്തിലാണ്​ അതുവരെ ജസ്റ്റിസ്​ കെ. ബാബു അറസ്റ്റ്​ ​തടഞ്ഞത്​.

നേരത്തേ 18 ​വരെ അറസ്റ്റ്​ തടഞ്ഞ്​ ഇടക്കാല ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു. അടുത്തതവണ ഹരജി പരിഗണിക്കുമ്പോൾ മുൻകൂർജാമ്യം നൽകുന്നതിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്​.ഐ.ടി) നിലപാട്​ അറിയിക്കാനും കോടതി വാക്കാൽ നിർദേശിച്ചു.

ചെമ്പുപാളികൾ എന്ന പേരിലാക്കിയ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നതാണ് ജയശ്രീക്കെതിരായ ആരോപണം. ഔദ്യോഗിക കൃത്യനിർവഹണത്തിന്‍റെ ഭാഗമായി ബോർഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തതെന്നും കുറ്റകൃത്യത്തിന് കൂട്ടുനിന്നിട്ടില്ലെന്നുമാണ്​ ഹരജിക്കാരിയുടെ വാദം.

Tags:    
News Summary - Sabarimala gold Missing Row: 10-hour inspection of Sannidhanam completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.