ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിയിൽ പ്രതിഷേധിക്കുന്നവർ ഡൽഹിൽ കേരള ഹൗസിനു മുന്നിൽ മന്ത്രി ഇ.പി. ജയരാജനെ തടഞ്ഞു. സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം കഴിഞ്ഞ് കാറിൽ വന്ന മന്ത്രിയെ പ്രതിഷേധെത്ത തുടർന്ന് പിറകുവശത്തെ ഗേറ്റിലൂടെ കേരള ഹൗസിലേക്ക് കയറ്റേണ്ടി വന്നു.
ഡൽഹിയിലെ നായർ സർവിസ് സൊെസെറ്റി (എൻ.എസ്.എസ്), എസ്.എൻ.ഡി.പി, അയ്യപ്പസേവാ സമാജം, അയ്യപ്പക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ, വിധിയെ അനുകൂലിച്ച ആർ.എസ്.എസ് നേതൃത്വവും പിന്തുണയുമായി എത്തി. എൻ.എസ്.എസിെൻറ ബാബു പണിക്കർ, അയ്യപ്പസേവാസമാജം ഭാരവാഹി ഇ.എൻ. രാമൻ, എൻ. വേണുഗോപാൽ അടക്കമുള്ളവർ നേതൃത്വം നൽകിയ പ്രതിഷേധ നാമജപ യാത്രയെ, പാര്‍ലമെൻറ് സ്ട്രീറ്റിൽ ആർ.എസ്.എസ് നേതാവും പാഞ്ചജന്യം മുൻ എഡിറ്ററുമായ തരുൺ വിജയ് അഭിസംബോധന ചെയ്തു. അതിന് ശേഷം പ്രതിഷേധക്കാരിൽ പലരും ശരണംവിളികളുമായി കേരള ഹൗസിന് മുന്നിലെത്തി പ്രതിഷേധം തുടർന്നു. സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നതിനാൽ സംസ്ഥാന മന്ത്രിമാർ അടക്കമുള്ള സി.പി.എം നേതാക്കൾ കേരള ഹൗസിലാണ് താമസിച്ചിരുന്നത്. ഇതറിഞ്ഞാണ് ഇങ്ങോട്ട് പ്രതിഷേധം നീങ്ങിയത്. കേന്ദ്ര കമ്മിറ്റി കഴിഞ്ഞ് കേരള ഹൗസിലേക്ക് തിരിച്ചുവരുകയായിരുന്നു ജയരാജൻ.
പ്രതിഷേധക്കാരിലൊരാൾ മന്ത്രിയുടെ കാറിനു മുന്നില്‍ കിടന്നതോടെ കാറിന് മുന്നോട്ടുപോവാൻ പറ്റാത്ത അവസ്ഥയായി. ഒടുവിൽ ഡൽഹി പൊലീസ് പണിപ്പെട്ട് കാർ സമരക്കാര്‍ക്കിടയില്‍നിന്ന് പുറത്തെത്തിച്ച് കേരള ഹൗസിെൻറ പിറകിലൂടെ അകത്തു കയറ്റുകയായിരുന്നു. മുഖ്യമന്ത്രിക്ക് നിവേദനം നൽകണമെന്ന ആവശ്യവുമായി അകത്തേക്കു കടക്കാന്‍ ശ്രമിച്ചവരെ പൊലീസ് തടഞ്ഞപ്പോൾ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. തുടർന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയഗം കെ. രാധാകൃഷ്ണന് പുറത്തിറങ്ങി നിവേദനം നല്‍കാനുള്ളവരെ അകത്തേക്കുവിടാന് നിര്‍ദേശിച്ചു.
തുടര്‍ന്ന് അയ്യപ്പ സേവാ സമാജം പ്രവര്‍ത്തകര്‍ കേരള ഹൗസിനകത്ത് കയറി മന്ത്രി എ.കെ. ബാലന് നിവേദനം കൈമാറി. ഇൗ മാസം 14ന് കാൽലക്ഷം പേരുടെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.