കൊച്ചി: ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകളുടെ മറവിലും ക്രമക്കേട് നടക്കുന്നുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പത്ത് വർഷത്തെ അഷ്ടാഭിഷേക കണക്കുകൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിന് ഹൈകോടതി നിർദേശം നൽകി. പൂജ സാമഗ്രികൾ വാങ്ങുന്നതിലെ സുതാര്യത ഉറപ്പാക്കാൻ പുതിയ മാർഗനിർദേശങ്ങൾ ദേവസ്വം ബോർഡ് സമർപ്പിക്കണം.
സന്നിധാനത്ത് ദീർഘകാലമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഹാജരാക്കാനും ദേവസ്വം ബെഞ്ച് നിർദേശിച്ചു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട വിഷയം അടുത്താഴ്ച പരിഗണിക്കാനായി മാറ്റി. ആറു മാസ പൂജയിൽ നടത്തിയ അഷ്ടാഭിഷേകത്തിന്റെ പേരിൽ മാത്രം 5.15 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ട്. സ്വർണക്കൊള്ള കേസിൽ പ്രതികളായിരുന്നവർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, എക്സിക്യൂട്ടിവ് ചുമതല വഹിച്ചിരുന്നപ്പോഴും ക്രമക്കേട് നടന്നതായും റിപ്പോർട്ടിലുണ്ട്. തുടർന്നാണ് സ്വമേധയാ ഹരജിയായി കോടതി വിഷയം പരിഗണിച്ചത്.
അഷ്ടാഭിഷേകത്തിനുള്ള മറ്റെല്ലാം സാധനങ്ങളും ദേവസ്വം സ്റ്റോർ വഴി നൽകുമ്പോൾ പാലും കരിക്കും പനിനീരും മാത്രം എന്തിനാണ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽനിന്ന് നൽകുന്നതെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. ഇവകൂടി ദേവസ്വം സ്റ്റോർ വഴി നൽകിയിരുന്നെങ്കിൽ സുതാര്യത ഉറപ്പാക്കാമായിരുന്നു. അഷ്ടാഭിഷേകത്തിന് എന്തിനാണ് ഒരു കുപ്പി നിറയെ പാലും പനിനീരുമെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വിജിലൻസിന്റെ കണ്ടെത്തൽ തെറ്റാണെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിശദീകരണം. 2021ലെ കോടതി ഉത്തരവിനെ തുടർന്നാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയതെന്നും വിശദീകരിച്ചു.
നിത്യപൂജക്കുള്ള സാധനങ്ങൾ സുനിൽ സ്വാമിയെന്നറിയപ്പെടുന്ന വ്യക്തിയാണ് നൽകുന്നതെന്നും അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെ മുറിയോട് ചേർന്ന മുറിയിൽ സൂക്ഷിച്ചിട്ടുള്ള ഇവ അക്കൗണ്ടിൽ രേഖപ്പെടുത്തുന്നില്ലെന്നും ഗുണനിലവാരം പരിശോധിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൂജ സാധനങ്ങൾ സുനിൽ സ്വാമിയിൽ നിന്ന് വാങ്ങുമ്പോൾ തന്നെ ഇതിനായുള്ള തുക അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എഴുതിയെടുക്കുന്നുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.
മാസപൂജക്ക് മൂന്നു ലക്ഷം രൂപയും മണ്ഡലകാലത്ത് 18 ലക്ഷവുമാണ് ബില്ലോ വൗച്ചറോ നൽകാതെ സുനിൽ സ്വാമി ചെലവഴിക്കുന്നത്. ഇതൊക്കെ അഴിമതിക്ക് ഇടയാക്കുന്നതാണെന്നും ആരോപണ വിധേയനായ ഒരാളിൽനിന്ന് ഇത്തരത്തിൽ പൂജ സാധനങ്ങൾ സ്വീകരിക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. ഏത് സാഹചര്യത്തിലാണ് സുനിൽ സ്വാമിയിൽനിന്ന് ഇത്തരത്തിൽ പൂജ സാധനങ്ങൾ സ്വീകരിക്കുന്നതെന്ന് വിശദീകരിക്കാൻ ദേവസ്വം ബോർഡിനോടും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.