തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമീഷൻ അംഗങ്ങളായി സർക്കാർ നിർദേശിച്ച അഞ്ചുപേരുടെ പട്ടിക ഗവർണർ പി. സദാശിവം മടക്കിയയച്ചു. ഇതോടെ കമീഷൻ വിപുലീകരണം വീണ്ടും അനിശ്ചിതത്വത്തിലായി. ചട്ടങ്ങൾ മറികടന്നതും അംഗങ്ങളായി നിർദേശിക്കപ്പെട്ടവരുടെ യോഗ്യത സംബന്ധിച്ച് ആക്ഷേപം ഉയർന്നതും കണക്കിലെടുത്ത് കൂടുതൽ വ്യക്തത ആവശ്യപ്പെട്ടാണ് ഗവർണർ ഇൗ പട്ടിക മടക്കിയത്. ഇതോടെ മുഖ്യവിവരാവകാശ കമീഷണർ വിൻസൻ എം.പോൾ ഏകാംഗ വിവരാവകാശ കമീഷനായി കുറച്ചുകാലം കൂടി തുടരും. സി.പി.എം നേതാവ് എ.എ. റഷീദ്, സി.പി.എം അനുകൂല അധ്യാപക സംഘടനാ നേതാവ് കെ.എൽ. വിവേകാനന്ദൻ, വി.എസ്. അച്യുതാനന്ദെൻറ പ്രസ് സെക്രട്ടറിയായിരുന്ന കെ.വി. സുധാകരൻ, നിയമവകുപ്പ് അഡീഷനൽ സെക്രട്ടറി പി.ആർ. ശ്രീലത, ടൈറ്റാനിയം മുൻ എം.ഡി സോമനാഥപിള്ള എന്നിവരുടെ പേരുകളാണ് നിർദേശിച്ചത്.
ഇൗ പട്ടികക്കെതിരെ വ്യാപകമായ പരാതി ഉയർന്നിരുന്നു. വിവിധ രംഗങ്ങളിൽ പ്രാഗല്ഭ്യമുള്ളവരെ കമീഷൻ അംഗങ്ങളായി നാമനിർദേശം ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ, അതെല്ലാം ലംഘിക്കപ്പെട്ടുവെന്നായിരുന്നു ആരോപണം. ചില അംഗങ്ങളുടെ യോഗ്യത സംബന്ധിച്ച് ഗവർണർക്ക് രേഖാമൂലം പരാതിയും ലഭിച്ചു. യൂനിവേഴ്സിറ്റി അസിസ്റ്റൻറ് നിയമന വിവാദത്തിലടക്കം ആരോപണ വിധേയനായ വ്യക്തിയാണ് എ.എ. റഷീദ്. കെ.വി. സുധാകരെൻറ നാമനിർദേശവും വിവാദമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിയോജനക്കുറിപ്പോടെയായിരുന്നു പട്ടിക ഗവർണറുടെ പരിഗണനക്കായി സമർപ്പിച്ചത്. കഴിഞ്ഞ സർക്കാറിെൻറ കാലത്തും വിവരാവകാശ കമീഷനിലേക്ക് നിർദേശിക്കപ്പെട്ടവരുടെ യോഗ്യത സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നിരുന്നു.
അന്നും ഗവർണർ പട്ടിക തിരിച്ചയച്ചിരുന്നു. ഇൗ പട്ടികതന്നെ ഗവർണർ അനുവദിക്കാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കമീഷൻ അംഗങ്ങൾ ഇല്ലാത്തതിനാൽ ആയിരക്കണക്കിന് അപേക്ഷകൾ വിവരാവകാശ കമീഷൻ ആസ്ഥാനത്ത് കെട്ടിക്കിടക്കുകയാണ്. ഇനിയും കുറച്ചുനാൾ കൂടി ഇൗ അവസ്ഥ തുടരുമെന്നാണ് ഇതോെട വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.