പിണറായി വിജയൻ

ദേശീയതയുടെ ആണിക്കല്ലായ റെയിൽവേ, സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആർ.എസ്.എസിന്റെ വർഗീയ അജണ്ടക്ക് കുടപിടിക്കുന്നു; വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ച നടപടി പ്രതിഷേധാർഹം -മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അപരമത വിദ്വേഷവും വർഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർ.എസ്.എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും തങ്ങളുടെ വർഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണ റെയില്‍വേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായി വർത്തിച്ച റെയിൽവേയാണ് ഇന്നിപ്പോൾ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആർ.എസ്.എസിന്റെ വർഗീയ അജണ്ടയ്ക്കു കുടപിടിക്കുന്നത്.

തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് വന്ദേഭാരതിന്‍റെ ഉദ്ഘാടന ചടങ്ങിൽ കണ്ടത്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് മതനിരപേക്ഷതയെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സങ്കുചിത രാഷ്ട്രീയ മനസാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ട് മുഴുവൻ ജനങ്ങളുടേയും പ്രതിഷേധമുയരണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ശനിയാഴ്ച രാവിലെയായിരുന്നു എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം നിർവഹിച്ചത്. പ്രധാനമന്ത്രി വീഡിയോ കോൺ​ഫറസൻസിലൂടെ ഉദ്ഘാടനം ചെയ്ത ശേഷം ആരംഭിച്ച കന്നിയാത്രയിലായിരുന്നു സ്കൂൾ യൂണിഫോം അണിഞ്ഞ വിദ്യാർഥിനികളും രണ്ട് അധ്യാപികമാരും ചേർന്ന് ട്രെയിനിനുള്ളിൽ ഗണഗീതം പാടിയത്.

വീഡിയോ ദക്ഷിണ റെയിൽവേ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിവാദത്തിനും ​തിരികൊളുത്തി. മാധ്യമങ്ങളിൽ വാർത്തയാവുകയും, രാഷ്ട്രീയ നേതാക്കൾ വിമർശനമുയർത്തുകയും ചെയ്തതിനു പിന്നാലെ ദക്ഷിണ റെയിൽവേ വീഡിയോ പിൻവലിച്ചിരുന്നു.

Tags:    
News Summary - RSS's move to make students sing the gana geetham is protestable - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.