'ഇസ്രായേലിലെ സയണിസത്തിന്റെ ഇരട്ട സഹോദരനാണ് ആർ.എസ്.എസ്, ഇറാനിൽ നടത്തിയ നെറികെട്ട ആക്രമണത്തെ എന്തേ നമ്മുടെ രാജ്യം അപലപിച്ചില്ല'; മുഖ്യമന്ത്രി

നിലമ്പൂർ: ഇസ്രായേലിലെ സയണിസത്തിന്റെ ഇരട്ട സഹോദരനാണ് ആർ.എസ്.എസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലമ്പൂർ പോത്തുക്കല്ലിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു.

ഇസ്രായേലുമായി ബന്ധപ്പെട്ട് നേരത്തെയുള്ള നിലപാടല്ല ഇന്ത്യ ഇപ്പോൾ സ്വീകരിക്കുന്നതെന്നും ഇസ്രായേലിന് പരസ്യമായി കൂറ് പ്രഖ്യാപിക്കുന്ന കേന്ദ്ര സർക്കാറിനെ നമ്മൾ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് തുറന്ന വഴിയിലൂടെയാണ് ബി.ജെ.പി സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും ഇടതുപക്ഷത്തിന് ഇക്കാര്യത്തിൽ തെളിമയാർന്ന നിലപാടാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇറാനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത് നെറിക്കെട്ട ആക്രമണമാണെന്നും അമേരിക്കയുടെ പിന്തുണയുണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന നിലപാടാണ് അവർക്കെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

'ഇസ്രായേലുമായി ഒരു ബന്ധവുമില്ലാത്തവരായിരുന്നു നമ്മൾ. നമ്മുടെ പാസ്പോർട്ടുകളിൽ ഇസ്രായേലിലേക്ക് പോകാൻ അനുമതിയില്ല എന്ന് അടയാളപ്പെടുത്തുമായിരുന്നു. അതായിരുന്നു നമ്മൾക്കുള്ള ബന്ധം. സ്വാതന്ത്ര്യാനന്തര ഇന്ത്യ പൂർണമായും ഫലസ്തീനൊപ്പമായിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്‍റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ കൂടെ യാസര്‍ അറാഫത്ത് കൂടെ നിന്നത് അന്നത്തെ ലോകം ഏറ്റവും അധികം ശ്രദ്ധിച്ച കാര്യമായിരുന്നു. ആരാ മാറ്റിയത് ആ നയം. എന്തുകൊണ്ടാണ് മാറ്റിയത്. കോൺഗ്രസിന് പിന്നീട് വലിയതോതിലുള്ള മാറ്റം വന്നു. മൂല്യശോഷണം സംഭവിച്ചു.

സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നവരായിരുന്നു ഇന്ത്യ ഗവൺെമന്റ്. ചേരിചരാനയത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധമായിരുന്നു. അതുകൊണ്ടാണ്. അതുകൊണ്ടാണ് അന്നത്തെ മൂന്നാംലോക രാഷ്ട്രങ്ങളാകെ ഇന്ത്യക്കൊപ്പം നിന്നത്. നമ്മുടെ സാമ്പത്തികശേഷിയോ ആയുധബലമോ കണ്ടല്ലായിരുന്നു. നയത്തിന്റെ ഭാഗമായിരുന്നു. അതിനെല്ലാം മാറ്റം വന്നു. അമേരിക്കയുടെ സമ്മർദത്താൽ ഇസ്രായേലുമായി ചങ്ങാത്തം ഉണ്ടാക്കുന്നു. പിന്നീട് ബി.ജെ.പിയും അവരെയും നയിക്കുന്ന ആർ.എസ്.എസും ഇസ്രായേലിലെ സയണിസത്തിന്റെ ഇരട്ട സഹോദരനാണ്. അവര് തമ്മില്‍ ആ തരത്തിലുള്ള ബന്ധമാണ്. കോൺഗ്രസ് തുറന്ന വഴിയിൽ നല്ലതുപോലെ ബി.ജെ.പി സഞ്ചരിക്കുന്നു. ഇപ്പോൾ വലിയതോതിലുള്ള ആയുധം ഇസ്രായേലിൽ നിന്ന് വാങ്ങിക്കൂട്ടുന്നു.

ഇത് എവിടെ എത്തിക്കും. ഇസ്രായേലുമായി ബന്ധപ്പെട്ട് നേരത്തെയുള്ള നിലപാടല്ല ഇന്ത്യ ഇപ്പോൾ സ്വീകരിക്കുന്നത്. ഐക്യരാഷ്ട്ര സഭയിൽ പ്രമേയങ്ങൾ വന്നപ്പോൾ ഒരു ശങ്കയുമില്ലാതെ ലോകത്തിലെ മറ്റുരാഷ്ട്രങ്ങൾക്കൊപ്പം നിന്ന് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ അപലപിക്കാൻ ബാധ്യതപ്പെട്ട രാജ്യമായിരുന്നു ഇന്ത്യ. പക്ഷേ, അപലപിച്ചില്ല. ആ പ്രമേയത്തിനൊപ്പം നിൽക്കാൻ നമ്മുടെ രാജ്യത്തിന് സാധിച്ചില്ല. ഒന്നിലധികം തവണ ഇതേ നിലപാട് നാം കണ്ടു. ഇസ്രായേലിന് പരസ്യമായി കൂറ് പ്രഖ്യാപിക്കുന്ന കേന്ദ്ര സർക്കാറിനെ നമ്മൾ കണ്ടു. ഇപ്പോൾ നെറിക്കെട്ട ആക്രമണമാണ് ഇറാന് നേരെ നടത്തിയത്. ഇസ്രയേൽ ലോക പൊലീസ് ചമയുകായാണ്. അമേരിക്കയുടെ പിന്തുണയുണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന നിലപാടാണ്.'-പിണറായി വിജയൻ പറഞ്ഞു.  


Full View


Tags:    
News Summary - RSS is the twin brother of Zionism in Israel: Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.