കേരള ബി.ജെ.പി പ്രവർത്തനത്തിൽ ആർ.എസ്.എസിന് കടുത്ത അതൃപ്തി

കോട്ടയം: ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ പ്രവർത്തനത്തിൽ ആർ.എസ്.എസിന് കടുത്ത അതൃപ്തി. ഗ്രൂപ്പിസം സംസ്ഥാന ബി.ജെ.പിയുടെ വളർച്ചയെ സാരമായി ബാധിച്ചെന്നാണ് വിലയിരുത്തൽ. അടുത്തദിവസം കൊച്ചിയിൽ ചേരുന്ന ആർ.എസ്.എസ് സംസ്ഥാന വാർഷിക യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യും.

സംസ്ഥാന ബി.ജെ.പി ഘടകത്തിന്റെ പ്രവർത്തനങ്ങളിൽനിന്ന് ആർ.എസ്.എസ് വിട്ടുനിൽക്കണമെന്ന അഭിപ്രായം കുറേ നാളുകളായി സംഘടനക്കുള്ളിലുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി പരിപാടികളിൽ ആർ.എസ്.എസ് സജീവവുമല്ല.

ബി.ജെ.പി സംസ്ഥാന സംഘടന സെക്രട്ടറിയായി ആർ.എസ്.എസ് പ്രതിനിധിയെയാണ് നിയോഗിക്കുന്നത്. ആ സ്ഥാനത്തുനിന്ന് എം. ഗണേഷിനെ മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, സഹ സംഘടന സെക്രട്ടറിയായ കെ. സുഭാഷ് തുടരും. ഇദ്ദേഹത്തെ സംഘടന സെക്രട്ടറിയാക്കാനും സാധ്യതയുണ്ട്. മുമ്പെങ്ങുമില്ലാത്ത നിലയിൽ ബി.ജെ.പിയിൽ ഏകാധിപത്യം കടന്നുകൂടിയെന്ന അഭിപ്രായം ആർ.എസ്.എസിനുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ചിലർ മാത്രം ചേർന്ന് കാര്യങ്ങൾ തീരുമാനിച്ച് നടപ്പാക്കുകയാണ്. പാർട്ടിക്കുള്ളിലോ ആർ.എസ്.എസുമായോ കാര്യമായ കൂടിയാലോചനകൾ നടക്കുന്നില്ല. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് പുറമെ പി.കെ. കൃഷ്ണദാസിനെ പിന്തുണക്കുന്ന ഗ്രൂപ്പും ശക്തമായി നിലകൊള്ളുന്നത് പാർട്ടി പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് ആർ.എസ്.എസിന്റെ വിലയിരുത്തൽ.

ജനകീയ വിഷയങ്ങളിലും ക്ഷേത്രങ്ങളുടെ അവകാശങ്ങൾ കൈയേറുന്നതിനുമെതിരായ പ്രക്ഷോഭങ്ങളിലും ബി.ജെ.പി പിന്നാക്കംപോയി. ദേവസ്വം ബോർഡ് ക്ഷേത്ര പരിസരത്തുനിന്നു ശാഖ പ്രവർത്തനം നിരോധിച്ചിട്ടും ശക്തമായ പ്രതിഷേധം ഉയർത്താൻ ബി.ജെ.പി തയാറായിട്ടില്ലെന്നും ആർ.എസ്.എസിന് പരാതിയുണ്ട്. മുൻകാല നേതാക്കൾക്ക് കാര്യമായ പങ്കാളിത്തം നൽകാത്തതും ആർ.എസ്.എസുമായി അടുത്ത ബന്ധമുണ്ടായിരുന്ന പല മുൻകാല നേതാക്കളെയും പരിഗണിക്കാത്തതും അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ട്.

Tags:    
News Summary - RSS is deeply dissatisfied with the work of Kerala BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.