അന്നത്തെ സംഭവം ഭീകരരുടേതിന് സമാനം, തടയുക മാത്രമാണ് ചെയ്തത്-ഇ.പി. ജയരാജൻ

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കോടതി പരാമർശത്തിൽ പ്രതികരണവുമായി സി.പി.എം നേതാവ് ഇ.പി. ജയരാജൻ രംഗത്ത്. കേസ് എഴുതിത്തള്ളാനാവില്ലെന്ന കോടതിയുടെ നിരീക്ഷണത്തോട് പ്രതികരിക്കവെ, അന്നത്തെ സംഭവം ഭീകരരുടേതിന് സമാനമായ ആക്രമണമായിരുന്നുവെന്നും താൻ ചെയ്തത് ആ ആക്രമണത്തെ തടയുക മാത്രമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2022ൽ മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ കണ്ണൂരിൽനിന്ന് മൂന്നുപേർ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള വ്യക്തമായ ഗൂഢാലോചനയോടെ ടിക്കറ്റെടുത്ത് കയറുകയായിരുന്നു. നാലാമതൊരാൾ ഇവർക്ക് സഹായവുമായി വിമാനത്തിലുണ്ടായിരുന്നു. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ഉടൻ, മുഖ്യമന്ത്രി ഇരുന്നിരുന്ന സീറ്റിന് പിന്നിലുള്ളവർ അക്രമാസക്തരായി ചാടി എഴുന്നേറ്റ് മുദ്രാവാക്യം വിളിച്ച് മുന്നോട്ട് വന്നു.

മുഖ്യമന്ത്രിയും അക്രമിസംഘവും ഇരുന്ന സീറ്റുകൾക്കിടയിൽ ഉണ്ടായിരുന്ന താൻ, അക്രമാസക്തരായവരെ ഇടനാഴിയിൽ വെച്ച് തടയുകയായിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ അവർക്ക് അവസരം നൽകാതിരിക്കാനാണ് അന്ന് ശ്രമിച്ചത്.

സമാധാനം ആഗ്രഹിക്കുന്ന ഏതൊരാളും അത്തരമൊരു സാഹചര്യത്തിൽ ചെയ്യേണ്ട കടമയാണ് താൻ നിർവഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ചരിത്രത്തിലും കേരള ചരിത്രത്തിലും ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ഒരു വിമാനത്തിനകത്ത് ഭീകരരെപ്പോലെ സംഘടിതമായി കയറി മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത് നിസ്സാരമായി കാണാൻ കഴിയില്ല. യു.ഡി.എഫ് രീതികൾ എത്രത്തോളം അപകടകരമാണെന്ന് ഇത് തെളിയിക്കുന്നു.

സംഭവത്തിൽ പൊലീസ് നിയമപരമായ അന്വേഷണം നടത്തി നടപടിയെടുത്തിരുന്നു. ആ കേസ് ഇപ്പോൾ ജുഡീഷ്യൽ കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ നിരീക്ഷണം എന്താണെന്ന് വിശദമായി പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാനാകൂ.

എങ്കിലും, ഒരു ഭീകരസംഘം വിമാനത്തിനകത്ത് നടത്തിയ ഞെട്ടിപ്പിക്കുന്ന സംഭവത്തെ ജുഡീഷ്യറിക്ക് നിസ്സാരമായി കാണാൻ കഴിയില്ലെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Incident Was Like Terrorists', Only Tried to Stop It - E.P. Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.