പൊന്നാനി: കടവനാട് സി.പി.എം പ്രവർത്തകരുടെ വീടുകൾക്കുനേരെ ആർ.എസ്.എസ് ആക്രമണം. രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കടവനാട് പള്ളിക്കര ഹൗസിൽ നിഖിൽ (28), ഗോകുൽ (26) എന്നിവരാണ് അറസ്റ്റിലായത്. കടവനാട് ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി ലേഖകനുമായ പി.എ. സജീഷ്, കരുവടി മോഹനൻ എന്നിവരുടെ വീടുകൾക്കു നേരെയാണ് വെള്ളിയാഴ്ച രാത്രി 11ഓടെ ആക്രമണമുണ്ടായത്.
മോഹനന്റെ വീട്ടിലെത്തിയ ഒമ്പതംഗ സംഘം വീടിന്റെ ജനൽ, കാർ, ബൈക്ക്, ഗുഡ്സ് ഓട്ടോ എന്നിവ അടിച്ചു തകർത്തു. തുടർന്ന് സജീഷിന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ അഞ്ചംഗ സംഘം ഇരുചക്ര വാഹനവും ജനൽച്ചില്ലുകളും അടിച്ചുതകർത്ത ശേഷം വാതിൽ പൊളിച്ച് അകത്തു കയറി. ഈ സമയം സ്ത്രീകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവർ നിലവിളിച്ചതോടെ ആക്രമികൾ പിന്തിരിഞ്ഞു.
രാത്രി ഒമ്പതോടെ കടവനാട് തേറയിൽ പീടിക പരിസരത്തു വെച്ച് സി.പി.എം പ്രവർത്തകനായ വിഷ്ണുവും സുഹൃത്തും ഇരിക്കുന്നതിനിടെ പള്ളപ്രം സ്വദേശികളായ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ ബൈക്കിലെത്തുകയും വാക്തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. വാക്തർക്കം അടിപിടിയിൽ കലാശിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതേത്തുടർന്നുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.