12,100 കോടിയുടെ ബാധ്യതയെന്ന് കെ.എസ്.ആർ.ടി.സി; പ്രതിമാസം 30.18 കോടി വായ്പ തിരിച്ചടവ്

കൊച്ചി: ബാങ്കുകളുടെ കൺസോർട്ട്യത്തിൽനിന്നുള്ള വായ്‌പയടക്കം മേയ് 31 വരെയുള്ള കണക്കനുസരിച്ച് 12,100.34 കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ. വായ്പ ഇനത്തിൽ 8713.05 കോടി സംസ്ഥാന സർക്കാറിനും 356.65 കോടി കെ.ടി.ഡി.എഫ്.സിക്കും നൽകാനുണ്ട്.

8.5 - 9.1 ശതമാനം പലിശക്ക് 3030.64 കോടിയാണ് ബാങ്കുകളിൽനിന്ന് വായ്പയെടുത്തത്. പ്രതിമാസം 30.18 കോടിയാണ് ആകെ വായ്പ തിരിച്ചടവെന്നും ഡെപ്യൂട്ടി ലോ ഓഫിസർ പി.എൻ. ഹേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സമയബന്ധിതമായി ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹരജിയിലാണ് വിശദീകരണം. കോടതി നിർദേശ പ്രകാരമാണ് ആസ്തിയും ബാധ്യതകളും സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചത്.

വാഹനങ്ങൾ വാങ്ങാൻ സർക്കാർ നൽകുന്ന പ്ലാൻ ഫണ്ട് തിരിച്ചുനൽകേണ്ടതില്ലെന്ന് ഇതിൽ പറയുന്നു. പലിശ സഹിതം വായ്പ തിരിച്ചുനൽകണം. കഴിഞ്ഞ സാമ്പത്തിക വർഷം 2037.51 കോടിയാണ് സർക്കാർ വായ്പ നൽകിയത്. 2009 വരെയുള്ള വായ്പയും പലിശയും സർക്കാർ എഴുതിത്തള്ളിയിരുന്നു. 2013 -14 വരെയുള്ള വായ്പാത്തുക ഷെയറായി മാറ്റി. ശമ്പളത്തിനും പെൻഷനും വേണ്ടിയാണ് വായ്പ നൽകുന്നത്.

28 ഡിപ്പോയും 45 സബ് ഡിപ്പോയും 19 ഓപറേറ്റിങ് സെന്ററും 28 സ്റ്റേഷൻ മാസ്റ്റർ ഓഫിസും അഞ്ച് വർക്ക്‌ഷോപ്പും മൂന്നു സ്റ്റാഫ് ട്രെയിനിങ് കോളജും കെ.എസ്.ആർ.ടി.സിക്കുണ്ട്. രോഗമിക്കുന്നു.417.20 ഏക്കർ ഭൂമിയാണ് കെ.എസ്.ആർ.ടി.സിക്ക് ആകെയുള്ളത്. ഇതിൽ 340.57 ഏക്കർ സ്വന്തം സ്ഥലമാണ്. 58.51 ഏക്കർ പട്ടയം ലഭിച്ചതും 17.33 ഏക്കർ പാട്ടത്തിന് ലഭിച്ചതുമാണ്. 52 ഡിപ്പോകളുടെ ഭൂമി ഈടുനൽകിയാണ് വായ്പയെടുത്തത്. 

Tags:    
News Summary - Rs 12,100 crore liability for KSRTC; 30.18 crore loan repayment per month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.