ജപ്തി ചെയ്തത് മറ്റൊരു വീടും സ്ഥലവും:  കുരുന്നുകളടക്കം പെരുവഴിയിലായത് മൂന്ന് ദിനം

കൊച്ചി: നോട്ടീസില്‍ പരാമര്‍ശിക്കാത്ത സ്ഥലം ജപ്തി ചെയ്ത ബാങ്കിന്‍െറ നടപടി മൂന്ന് കുഞ്ഞുങ്ങളടക്കമുള്ള കുടുംബത്തെ മൂന്ന് ദിവസം പെരുവഴിയിലാക്കി. എളംകുളം ചിലവന്നൂര്‍ തിരുനിലത്ത് റോബിയും ഭാര്യയും നാല് വയസ്സ് മാത്രം പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളുമാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അധികൃതരുടെ ക്രൂരതക്കിരയായത്. 

ജപ്തി നോട്ടീസ് പതിപ്പിച്ചശേഷം അപ്പോള്‍ തന്നെ വീട്ടുകാരെ പുറത്താക്കി വീട് പൂട്ടി സീല്‍വെക്കുകയായിരുന്നു. ജപ്തി ചെയ്യാന്‍ നിര്‍ദേശമുള്ളത് ഈ വീടല്ളെന്ന് ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങാതെ വീട്ടുകാരെ പുറത്താക്കി താക്കോലുമായി ഉദ്യോഗസ്ഥര്‍ മടങ്ങി. പിന്നീട് ഡിവിഷന്‍ കൗണ്‍സിലറടക്കം പൊതുപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് നാലാം ദിവസം അതേ ഉദ്യോഗസ്ഥരത്തെി വീട് തുറന്നു കൊടുക്കുകയായിരുന്നു. അത്രയും ദിവസം കുഞ്ഞുങ്ങളടക്കമുള്ളവര്‍ വീടിനു പുറത്ത് കഴിഞ്ഞുകൂടുകയായിരുന്നു.  സ്വന്തം പേരില്‍ സ്ഥലമില്ലാത്ത റോബി പിതാവ് മാനുവലിന്‍െറ പേരിലുള്ള തടവാട്ടു വീട്ടിലാണ് ഭാര്യക്കും മക്കള്‍ക്കുമൊപ്പം താമസിക്കുന്നത്. പിതാവ് മാനുവലിന്‍െറയും മൂത്ത സഹോദരന്‍ റോയിയുടെയും പേരില്‍ സെന്‍ട്രല്‍ ബാങ്കില്‍നിന്നെടുത്ത വായ്പ കുടിശ്ശിക തിരിച്ചു പിടിക്കലിന്‍െറ പേരിലാണ് ജപ്തി അരങ്ങേറിയത്. കുടിശ്ശികയായ വായ്പാ തുകയും പലിശയും സഹിതം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് 2016 മാര്‍ച്ചില്‍ മാനുവലിനും വൈറ്റില തൈക്കൂടത്ത് മൂന്ന് നില കെട്ടിടം സ്വന്തമായുള്ള റോയിക്കും ബാങ്ക് ഡിമാന്‍ഡ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, നോട്ടീസിലെ ആവശ്യ പ്രകാരം തുക അടച്ചിട്ടില്ളെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ജനുവരി 31ന് സ്ഥലം സ്വന്തം പേരിലാക്കി ജപ്തി നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. 

മരട് വില്ളേജില്‍ മാനുവലിന്‍െറ പേരിലുള്ള മൂന്ന് സെന്‍റ് സ്ഥലമാണ് ജപ്തി ചെയ്യുന്നതെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ജപ്തി ചെയ്തത്, ഇതുമായി ബന്ധമില്ലാത്ത എളങ്കുളം വില്ളേജിലെ 13 സെന്‍റ് സ്ഥലമാണ്. ജപ്തിക്കായി ഉദ്യോഗസ്ഥര്‍ക്ക് വഴി കാട്ടിയായി എത്തിയത് റോയി തന്നെയാണെന്ന് റോബി ‘മാധ്യമ’ത്തോട് പറഞ്ഞു.

ഫെബ്രുവരി ഒന്നിനാണ് ജപ്തി നടത്തി റോബി, ഭാര്യ ജെന്‍സി മക്കളായ യോഹന്നാന്‍, മരിയ, ആല്‍ഫിയ എന്നിവരെ നിര്‍ദാക്ഷിണ്യം പുറത്താക്കി വീട് അടച്ചുപൂട്ടിയത്. ഒറ്റ പ്രസവത്തില്‍ ജനിച്ചവരാണ് കുട്ടികള്‍ മൂന്ന് പേരും. വീടിന് പുറത്ത് പായ വിരിച്ച് കുട്ടികളും മാതാപിതാക്കളും കഴിയുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടത്. 

Tags:    
News Summary - robby jupty bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.