ജോഷിയുടെ വീട്ടിലെ കവർച്ച: പിടിയിലായത് ബിഹാറിലെ 'റോബിൻഹുഡ്'

കൊച്ചി: ചലചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതി മുഹമ്മദ് ഇർഫാൻ കുപ്രസിദ്ധനായ അന്തർസംസ്ഥാന മോഷ്ടാവെന്ന് പൊലീസ്. 10ലധികം സംസ്ഥാനങ്ങളിൽ നിരവധി മോഷണക്കേസുകളിലെ പ്രതിയായ ഇയാൾ ബിഹാറിൽ 'റോബിൻഹുഡ്' എന്നാണ് അറിയപ്പെടുന്നത്.

മോഷണം നടത്തി മുംബൈയിലേക്ക് മടങ്ങാൻ ശ്രമിക്കവെ കർണാകടയിലെ ഉടുപ്പിയിൽ വെച്ചാണ് എറണാകുളം സൗത്ത് പൊലീസ് ഇയാളെ പിടികൂടുന്നത്. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിന്റെ ദൃശ്യങ്ങളുമാണ് അന്വേഷണം വേഗത്തിലാക്കിയത്. അതിർത്തി കടന്നുവെന്ന് മനസിലാക്കിയ പൊലീസ് കർണാടക പൊലീസിന് കൈമാറുകയായിരുന്നു. കർണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ ഉടൻ കൊച്ചിയിലെത്തിച്ചേക്കും.

വെള്ളിയാഴ്ച പുലർച്ചെയാണ ജോഷിയുടെ പനമ്പിള്ളി നഗറിലുള്ള വീട്ടിൽ കവർച്ച നടന്നത്. ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങളാണ് കവർന്നത്. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. വീടിന് പിറകിലെ ജനൽ തകർത്താണ് അകത്തുകയറിയത്.

മുകൾ നിലയിലെ അലമാര കുത്തിതുറന്ന് ആഭരണങ്ങൾ കവരുകയായിരുന്നു. വജ്ര നെക്‌ലേസ്, 10 വജ്രമോതിരങ്ങൾ, 12 വജ്രം പതിച്ച കമ്മലുകൾ, സ്ത്രീകൾ വിവാഹത്തിന് കൈയിലണിയുന്ന സ്വർണത്തിന്റെ രണ്ട് വങ്കി, 10 സ്വർണമാലകൾ, 10 വാച്ചുകൾ എന്നിവയാണ് മോഷണം പോയത്. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ മുറിയിലും ആളില്ലാതിരുന്ന മറ്റൊരു മുറിയിലുമാണ് മോഷ്ടാവ് കയറിയത്. അഭിലാഷ് സ്ഥലത്തില്ലായിരുന്നു. 

Tags:    
News Summary - Robbery at director Joshi's house: Interstate thief nabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.